ഹ്യൂസ്റ്റൺ: മലയാളി റിയൽ എസ്റ്റേറ്റ് ഏജൻറ്സ് ബ്രോക്കർമാർ എന്നിവർക്കായി ഒരു സംഘടന രൂപീകരിക്കാൻ സ്റ്റാഫോഡിൽ ഫിൽഫിലെ റെസ്റ്റോറന്റിൽ കൂടിയ റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെയും ബ്രോക്കര്മാരുടെയും കൂട്ടായ്മ തീരുമാനിച്ചു.
ആദ്യ പടിയായി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലൂടെ താല്പര്യമുള്ള ഏജന്റുമാരെയും ബ്രോക്കര്മാരെയും ക്ഷണിക്കാനും അങ്ങനെ സമാന ചിന്താഗതിക്കാരായ എല്ലാവരെയും ഒരുമിപ്പിച്ചു ശക്തമായ ഒരു സംഘടനയാണ് ലക്ഷ്യമെന്നും അതിനായി സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കാമെന്നു എല്ലാവരും തീരുമാനിച്ചു.
പരസ്പരം സഹായിക്കാനും അറിവുകളും അനുഭവങ്ങളും പങ്കുവെച്ചു സ്വയം വിജയിക്കുന്നതിനൊപ്പം മറ്റുള്ളവരെയും വിജയികളാക്കുക എന്നതായിരിക്കണം ലക്‌ഷ്യം എന്ന് പങ്കെടുത്ത റിയൽ എസ്റ്റേറ്റ് ബ്രോക്കർ ജോൺ ഡബ്ല്യൂ വർഗീസ് പറഞ്ഞു. 2009 ൽ സമാന സ്വഭാവത്തിലുള്ള ഒരു സംഘടന റിയൽ എസ്റ്റേറ്റ് പ്രവർത്തകർ ചേർന്ന് രൂപീകരിച്ചിരുന്നു എങ്കിലും അത് വിജയം കാണാതെ പോയി. സമൂഹത്തിന്റെ സ്പന്ദനം അറിയാവുന്ന ശക്തമായ ബിസിനസ് ശൃഖലയുടെ കണ്ണികളായ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഒരുമിച്ചുകൂടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരസ്പര സഹകരണത്തിലൂടെ പുതിയ ചക്രവാളം തന്നെ തുറക്കാൻ കഴിയും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
തനിക്കു ധാരാളം വര്ഷങ്ങളിലെ അനുഭവങ്ങൾ ഉണ്ടെങ്കിലും നല്ല സുഹൃത്തുക്കളുടെ സഹായം പലപ്പോഴും പലതും പഠിക്കാൻ സഹായിച്ചിട്ടുണ്ടെന്നു ഹൂസ്റ്റണിലെ അറിയപ്പെടുന്ന റെയ്ൽറ്റർ ആയ അലക്സ് ബിനു പറഞ്ഞു.
മലയാളി റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ സംഘടന അനിവാര്യമാണെന്നും ഇത് നല്ലൊരു തുടക്കമെന്നും ജെറിൻ അഭിപ്രായപ്പെട്ടു. കൂട്ടായ്മയിൽ പങ്കെടുത്ത ബിനു അലക്സ്, അനിൽ ആറന്മുള, ഹിമി ഹരിദാസ്, ജെയിംസ് എന്നിവരും സംസാരിച്ചു. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ കൊച്ചിയിലെ പ്രമുഖ ബിൽഡറായ ഹൈനെസ്സ് ഹോംസിൻറെ പാർട്ണർ ഷാജിയും കൂട്ടായ്മയിൽ പങ്കെടുക്കുകയും കൊച്ചിയിൽ നിർമിതി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഹൈനെസ്സ് ഫ്ലാറ്റ് സമുച്ചയത്തെകുറിച്ച് വിവരിച്ചു. വിദേശ മലയാളികൾക്ക് അനായാസം കൊച്ചിയിൽ ഫ്ളാറ്റുകളോ വില്ലയോ സ്വന്തമാക്കാനുള്ള പുതിയ പദ്ധതികൾ അദ്ദേഹം വിവരിച്ചു.
റിയൽ എസ്റ്റേറ്റ് രംഗത്തു പ്രവർത്തിക്കുന്നവരുടെകുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തി ഒ ത്തുചേരലും വിനോദ പരിപാടികൾ സംഘടിപ്പിക്കാനും അടുത്ത് തന്നെ മറ്റൊരു യോഗം വിളിച്ചുകൂട്ടി സംഘടനക്ക് പേരും ഭാരവാഹികളെയും തിരഞ്ഞെടുക്കണം എന്ന തീരുമാനത്തോടെ യോഗം അവസാനിപ്പിച്ചു.