മണിപ്പൂരിൽ പോലീസ് കമാൻഡോ സംഘത്തിന് നേരെ ആക്രമണം

ഇംഫാൽ: മണിപ്പൂരിൽ പോലീസ് കമാൻഡോ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി കമാന്‍ഡോകള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ തെങ്‌നൗപാലിൽ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് പോലീസ് കമാൻഡോകളുടെ ഒരു ടീമിനെ അധിക സുരക്ഷാ സേനയായി അതിർത്തി നഗരത്തിലേക്ക് അയച്ചിരുന്നു. എന്നാൽ, വഴിയിൽ കലാപകാരികൾ എന്ന് സംശയിക്കുന്നവർ അവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. തെങ്‌നൗപാൽ ജില്ലയിൽ നിന്ന് 10 കിലോമീറ്റർ അകലെ നടന്ന ആക്രമണത്തിൽ നിരവധി കമാൻഡോകൾക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

അസം റൈഫിൾസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോലീസ് കമാൻഡോകളെ രക്ഷപ്പെടുത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ തെങ്‌നൗപാൽ പട്ടണത്തിലെ മോറെയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ചിങ്തം ആനന്ദിനെ ഹെലിപാഡിന്റെ നിർമ്മാണം പരിശോധിക്കുന്നതിനിടെ തീവ്രവാദികൾ സ്‌നൈപ്പർ ഉപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 115 കിലോമീറ്റർ അകലെയാണ് സംഭവം.

ഇംഫാൽ-മോർ റൂട്ടിൽ നിരവധി കുന്നുകളും കാടുകളും ഹെയർപിൻ വളവുകളും ഉണ്ട്, ഇത് കലാപകാരികൾ പതിയിരുന്ന് ആക്രമണം നടത്താനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ വിമത സ്‌നൈപ്പറെ ഇല്ലാതാക്കാൻ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം മണിപ്പൂർ പോലീസ് കമാൻഡോ സേനയെ മോറെയിലേക്ക് അയച്ചിരുന്നു. ജാതീയമായ അക്രമങ്ങൾ നാശം വിതച്ച മണിപ്പൂരിലെ അന്തരീക്ഷം സാധാരണ നിലയിലായ സാഹചര്യത്തിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം സുരക്ഷാ സേനയും വിമതരും തമ്മിലുള്ള ശത്രുത വർധിപ്പിച്ചത്.

മെയ് 3 ലെ അക്രമത്തിന് ശേഷം, മണിപ്പൂർ പോലീസ് കമാൻഡോകളുടെ ഒരു ചെറിയ സംഘം മോറെയിൽ വിന്യസിച്ചിട്ടുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തുകയാണ്. എന്നാല്‍, റോഡുകൾ തടഞ്ഞതിനാൽ അതിർത്തി നഗരത്തിലേക്ക് അതിർത്തി രക്ഷാ സേനയെയും (ബിഎസ്‌എഫ്) പോലീസ് ഉദ്യോഗസ്ഥരെയും അയയ്ക്കുന്നത് എളുപ്പമല്ല. അതിനാലാണ് വലിയ ഹെലിപാഡ് വേണമെന്ന ആവശ്യം ഉയർന്നതും അത് നിർമിക്കാൻ തീരുമാനിച്ചതും.

സംസ്ഥാനവും ബിഎസ്എഫും സംയുക്തമായാണ് പുതിയ ഹെലിപാഡ് നിർമിക്കുന്നത്. മോറെയിലെ മൂന്നാമത്തെ ഹെലിപാഡാണിത്, മറ്റ് രണ്ട് ഹെലിപാഡുകളും അസം റൈഫിൾസിന് കീഴിലാണ്, അതിന്റെ പ്രവർത്തന നിയന്ത്രണം സൈന്യത്തിന്റേതാണ്.

മണിപ്പൂരിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് മോറെയിലേക്ക് പോലീസിനെയും അർദ്ധസൈനികരെയും എത്തിക്കുന്നതിനായാണ് സംസ്ഥാന സേനയും ബിഎസ്എഫും ഒരു പുതിയ ഹെലിപാഡ് നിർമ്മിക്കുന്നത്. ഇന്ന് സംഭവിച്ചത് പോലെ മോറെയിൽ പലയിടത്തും അക്രമികൾ റോഡ് തടയുന്നതിനും പതിയിരുന്ന് ആക്രമണം നടത്തുന്നതിനും സാധ്യത കൂടുതലാണ്. പുതിയ ഹെലിപാഡ് പ്രവർത്തനക്ഷമമാകുന്നത് തടയാൻ തീവ്രവാദികൾ ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News