മലയാള സാഹിത്യകാരൻ എസ് കെ വസന്തന് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: സാഹിത്യരംഗത്ത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് എഴുത്തുകാരനും പണ്ഡിതനുമായ എസ്.കെ.വസന്തനെ തിരഞ്ഞെടുത്തു. ഇന്ന് (2023 നവംബർ 1 ബുധൻ) തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്.

ധർമരാജ് അടാട്ട്, ഖദീജ മുംതാസ്, പി.സോമൻ, കേരള സാഹിത്യ അക്കാദമി മെമ്പർ സെക്രട്ടറി സി.പി.അബൂബക്കർ എന്നിവർ അംഗങ്ങളായ അനിൽ വള്ളത്തോൾ അദ്ധ്യക്ഷനായ സമിതിയാണ് 88 കാരനായ ഡോ. വസന്തനെ അവാർഡിനായി തിരഞ്ഞെടുത്തത്.

നോവൽ, ചെറുകഥ, ഉപന്യാസം, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കൃതികളിലൂടെ ഡോ. വസന്തൻ പണ്ഡിതന്മാരുടെയും പുസ്തക പ്രേമികളുടെയും ശ്രദ്ധ നേടിയിട്ടുണ്ടെന്ന് ജൂറി കണ്ടെത്തി.

അദ്ദേഹത്തിന്റെ പ്രധാന കൃതികളായ കേരള സംസ്കാര ചരിത്ര നിഘണ്ടു , നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്‌തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്‍റെ ഗ്രാമം, എന്‍റെ ജനത, അരക്കില്ലം തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ നോവലുകൾ.  കേരളത്തിന്റെ വ്യാപകമായ സാമൂഹിക പരിഷ്‌കരണം രേഖപ്പെടുത്തുന്ന കാലം സാക്ഷി അദ്ദേഹത്തിന്റെ അവിസ്മരണീയമായ മറ്റൊരു കൃതിയാണ്.

തൃശ്ശൂരിൽ താമസിക്കുന്ന ഡോ. വസന്തൻ 2007-ൽ കേരള സംസ്‌കാര ചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് പണ്ഡിത സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും 2013-ലെ സമഗ്ര സംഭാവനകൾക്കുള്ള അക്കാദമിയുടെ അവാർഡും നേടിയിട്ടുണ്ട് .

അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിൽ, അദ്ധ്യാപകൻ, വാഗ്മി, ഗവേഷകർക്ക് വഴികാട്ടി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകളും ജൂറി കണക്കിലെടുത്തുവെന്ന് ഇവിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പിന്നീട് മുഖ്യമന്ത്രി സാഹിത്യകാരന് സമ്മാനിക്കും.

1935ൽ എറണാകുളം ഇടപ്പള്ളിയിൽ കരുണാകര മേനോന്‍റെയും തത്തംപള്ളി സരസ്വതി അമ്മയുടെയും മകനായാണ് ഡോ. എസ്.കെ വസന്തന്‍റെ ജനനം. മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദത്തിന് ശേഷം ഡോക്‌ടറേറ്റ് നേടുകയും 35 വർഷം കാലടി ശ്രീശങ്കര കോളജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും അദ്ധ്യാപകനായി പ്രവർത്തിക്കുകയും ചെയ്‌തു.

കഴിഞ്ഞ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹനായത് കഥാകൃത്തും പ്രശസ്‌ത നോവലിസ്റ്റുമായ സേതുവാണ്. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവനായിരുന്നു ഇക്കാര്യം അറിയിച്ചത്. മലയാള കഥ, നോവല്‍ എന്നിങ്ങനെ നിരവധി പുസ്‌തകങ്ങളാണ് സേതു രചിച്ചത്.

എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പുറമെ നിരവധി അവാര്‍ഡുകള്‍ സേതുവിന് ലഭിച്ചിട്ടുണ്ട്. കഥയ്‌ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, വിശ്വദീപം പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം തുടങ്ങിയവയെല്ലാം സേതുവിന് സ്വന്തമായിട്ടുണ്ട്. കൈമുദ്രകള്‍, പാണ്ഡവപുരം, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ അദ്ദേഹത്തിന്‍റെ നിരവധി നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്. മലയാളത്തിന് പുറമെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരവധി മലയാള സിനിമകള്‍ സേതുവിന്‍റെ കഥകളെയും നോവലുകളെയും അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News