ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (MAGH) ന്റെ ആഭിമുഖ്യത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ, കിഡ്നി അച്ചൻ എന്നറിയപ്പെടുന്ന റവ. ഫാ. ഡേവിസ് ചിറമ്മേലിനും , വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും കെപിസിസി മുൻ ജനറൽ സെക്രട്ടറി അഡ്വ. ജെയ്സൺ ജോസഫിനും നൽകിയ സ്വീകരണം പ്രൗഢഗംഭീരമായി.
ഒക്ടോബർ 29 ന് ഞായറാഴ്ച വൈകുന്നേരം 5 .30 നു MAGH ആസ്ഥാനമായ കേരളാ ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ മാഗ് പ്രസിഡന്റ് ജോജി ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി അച്ചനെയും ജെയ്സൺ ജോസഫിനെയും സദസിനു പരിചയപ്പെടുത്തി. അഡ്വ. ജെയ്സൺ ജോസഫിനെ ജോജി ജോസഫും മാഗ് വനിതാ പ്രതിനിധി ശ്രീമതി പൊടിയമ്മ പിള്ള ഫാദർ ചിറമ്മേലിനും ബൊക്കെ നൽകി സ്വീകരിച്ചു.
ഹൂസ്റ്റനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസഫ് ജെയിംസ് , ഫോമാ സ്ഥാപക പ്രസിഡണ്ട് ശശിധരൻ നായർ, ഒഐസിസി യുഎസ്എ നാഷണൽ പ്രസിഡന്റും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായ ബേബി മണക്കുന്നേൽ , മാഗ് മുൻ പ്രസിഡന്റ് ശ്രീമതി പൊന്നു പിള്ള, മാധ്യമ പ്രവർത്തകൻ ഡോ. ജോർജ് കാക്കനാട് എന്നിവർ സംസാരിച്ചു.
തുടർന്ന് അഡ്വ. ജെയ്സൺ ജോസഫ്, ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും അച്ചന് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു. കൂടാതെ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പോലെയുള്ള പ്രവാസി സംഘടനകൾ കേരളത്തിലും അമേരിക്കയിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മാഗിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഭാവുകങ്ങളും ജെയ്സൺ ആശംസിച്ചു.
ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്ന ചിറമ്മേലച്ചന്റെ പ്രസംഗത്തിൽ കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തങ്ങളെപറ്റിയും അവയവ ധനത്തിന്റെ പ്രസക്തിയെപ്പറ്റിയും വിവിധ ജീവിതാനുഭവങ്ങളും നർമത്തിൽ കലർത്തി വിവരിച്ചത് ശ്രദ്ധേയമായിരുന്നു. കൂടാതെ മാഗ് പോലെയുള്ള സംഘടനകൾ കേരളത്തിൽ ചെയ്യുന്ന ഭവന നിർമ്മാണ പദ്ധതികൾ ഏറ്റവും മാതൃകാപരമാണെന്നു അച്ചൻ പറഞ്ഞു. കൂടാതെ കേരളത്തിൽ മദർ തെരേസ കമ്മ്യൂണിറ്റി സ്കോളർഥിപുകൾ ഏർപ്പെടുത്തുകയും ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ 5 ലക്ഷം കമ്മ്യൂണിറ്റി സർവീസുകൾ കുട്ടികളെ കൊണ്ട് ചെയ്യുന്നതിനു പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അച്ചൻ പറഞ്ഞു.
ചിറമ്മേലച്ചനും ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേലും കൂടി നവംബർ 11 നു നടക്കുന്ന മാഗ് കാർണിവൽ 2023 ന്റെ കിക്ക് ഓഫ് നിർവഹിച്ചു. ഇത് എല്ലാ വർഷവും ചാരിറ്റിക്ക് വേണ്ടി നടക്കുന്ന പരിപാടിയാണെന്നും ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യക്കു കൊടുക്കുമെന്നും പ്രസിഡന്റ് ജോജി ജോസഫ് അറിയിച്ചു.
മാഗ് ജോയിന്റ് ട്രഷറർ ജോർജ് ജോസഫ് സ്വാഗതവും വനിതാ പ്രതിനിധി ശ്രീമതി പൊടിയമ്മ പിള്ള നന്ദിയും പ്രകാശിപ്പിച്ചു.