ന്യൂഡൽഹി: ഷാജഹാൻ താജ്മഹൽ നിർമിച്ചതുമായി ബന്ധപ്പെട്ട ‘തെറ്റായ ചരിത്ര വസ്തുതകൾ’ സ്‌കൂളുകളിലും കോളേജുകളിലും ഉപയോഗിക്കുന്ന ചരിത്ര പുസ്തകങ്ങളിൽ നിന്ന് അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി.
“ഷാജഹാന്റെ താജ്മഹൽ നിർമ്മാണവുമായി ബന്ധപ്പെട്ട തെറ്റായ ചരിത്ര വസ്തുതകൾ സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ പരാമർശിച്ചിട്ടുള്ള ചരിത്ര പുസ്തകങ്ങളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്ന്” പൊതുതാൽപര്യ ഹർജിയില്‍ പറയുന്നു.
താജ്മഹൽ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ രാജാ മാൻ സിംഗിന്റെ കൊട്ടാരം നിലനിന്നതുമായി ബന്ധപ്പെട്ട ശരിയായ ചരിത്ര വസ്തുതകൾ പൊതുസഞ്ചയത്തിൽ കൊണ്ടുവരാൻ കോടതി നിർദ്ദേശം നൽകണമെന്ന് എൻജിഒ ഹിന്ദു സേന എസ് പ്രസിഡന്റ് സുർജിത് സിംഗ് യാദവ് ആവശ്യപ്പെട്ടു. “രാജാ മാൻ സിംഗിന്റെ കൊട്ടാരം പുതുക്കിപ്പണിതതല്ലാതെ ഷാജാൻ താജ്മഹൽ പണിതിട്ടില്ല” എന്ന ശരിയായ ചരിത്ര വസ്തുത പുസ്തകത്തില്‍ ഉൾപ്പെടുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.
രാജാ മാൻ സിംഗിന്റെ കൊട്ടാരം തകർത്തതിനും അതേ സ്ഥലത്ത് താജ്മഹൽ നിർമ്മിച്ചതിനും ചരിത്രപരമായ തെളിവുകളൊന്നുമില്ലെന്ന് യാദവ് ഹര്‍ജിയില്‍ പറയുന്നു.
1631 ഡിസംബർ 31 ലെ താജ്മഹലിന്റെ കാലപ്പഴക്കവും രാജാ മാൻ സിംഗിന്റെ കൊട്ടാരത്തിന്റെ അസ്തിത്വവും അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കോടതി നിർദ്ദേശം നൽകണമെന്ന് യാദവ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ ആവശ്യപ്പെട്ടു.
“ആഗ്രയിലെ താജ്മഹൽ സ്ഥലത്ത് രാജാ മാൻ സിംഗിന്റെ കൊട്ടാരത്തിന്റെ അസ്തിത്വം ഉൾപ്പെടെ താജ്മഹലിന്റെ കാലപ്പഴക്കം സംബന്ധിച്ച് അന്വേഷണം നടത്താനും ഈ ബഹുമാനപ്പെട്ട കോടതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാനും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകുക,” സുർജിത് സിംഗ് യാദവ് ആവശ്യപ്പെട്ടു.
കൂടാതെ, അബ്ദുൾ ഹമീദ് ലാഹോരിയും ഖസ്വിനിയും ചേർന്ന് രചിച്ച “പാദ്ഷാഹ്നാമ” എന്ന പുസ്തകം ഉദ്ധരിച്ച് 1632 നും 1638 നും ഇടയിൽ ഷാജഹാൻ നവീകരിച്ചതായി ആരോപിക്കപ്പെടുന്ന രാജാ മാൻ സിംഗിന്റെ കൊട്ടാരത്തിന്റെ ശരിയായ ചരിത്രം കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹർജിക്കാരൻ അഭ്യർത്ഥിച്ചു.
“… രാജാ മാൻ സിംഗിന്റെ കൊട്ടാരത്തിന്റെ ശരിയായ ചരിത്രം പ്രസിദ്ധീകരിക്കാൻ (1632 മുതൽ 1638 വരെ ഷഹാജാൻ നവീകരിച്ചത്) ഈ വസ്തുതകൾ യഥാക്രമം കോടതി ചരിത്രകാരൻമാരായ അബ്ദുൾ ഹമീദ് ലാഹോരിയും ഖസ്വിനിയും രചിച്ച പാദ്ഷാഹ്നാമ എന്ന പുസ്തകത്തിൽ നിന്ന് കണ്ടെത്താനാകും. ” ഹര്‍ജിയില്‍ പറയുന്നു.
പൊതു രേഖകൾ, വിവരാവകാശ അപേക്ഷകൾ, വെബ്‌സൈറ്റുകൾ, ചരിത്ര പുസ്തകങ്ങൾ എന്നിവയിൽ നിന്നാണ് ഹരജിയിൽ അവതരിപ്പിച്ചിരിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്ന് യാദവ് അവകാശപ്പെടുന്നു.
താജ്മഹലിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള യഥാർത്ഥ ചരിത്ര വസ്തുതകൾ അറിയാൻ ആളുകൾക്ക് അവകാശമുണ്ടെന്നും തെറ്റായ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 19(1)(എ) എന്നിവയുടെ ലംഘനമാണെന്നും ഹർജിയില്‍ വാദിക്കുന്നു.
1648-ൽ താജ്മഹൽ പൂർത്തീകരിക്കാൻ ഏകദേശം 17 വർഷമെടുത്തുവെന്നും അതേസമയം മുംതാസ് മഹലിന്റെ ശവകുടീരം 1638-ഓടെ പൂർത്തിയായെന്നും അവകാശപ്പെട്ടുകൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അതിന്റെ വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങളും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
അതിനാൽ, താജ്മഹലിന്റെ 17 വർഷത്തെ നിർമ്മാണ കാലഘട്ടത്തെക്കുറിച്ച് സാധാരണയായി പ്രചരിപ്പിക്കപ്പെടുന്ന ചരിത്ര വസ്തുത വസ്തുതാപരമായി തെറ്റാണെന്ന് പൊതുതാൽപര്യ ഹർജിയിൽ വാദിക്കുന്നു.
കേന്ദ്ര സർക്കാർ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, ഉത്തർപ്രദേശ് സംസ്ഥാനം എന്നിവരെ പൊതുതാൽപര്യ ഹർജിയിൽ എതിര്‍കക്ഷികളായി ചേര്‍ത്തിട്ടുണ്ട്.
ഫെയ്സ്ബുക്ക് കമന്റുകള്‍ ഇവിടെ വായിക്കാം