
കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ തലത്തിൽ ഉറുദു ഭാഷയുടെ പ്രചാരണത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ്(എൻ.സി.പി.യു.എൽ) ന്റെ പുസ്തക വണ്ടി പര്യടനത്തിന്റെ ഭാഗമായി മർകസിലെത്തി. ഉർദു ഭാഷാപഠനത്തിനുള്ള പ്രാഥമിക പഠനസഹായികളും ഉറുദുവിലെ പ്രശസ്ത സാഹിത്യ രചനകളും പഠനങ്ങളുമെല്ലാമാണ് പുസ്തകവണ്ടിയിലുള്ളത്. ഉറുദു ഭാഷയും സാഹിത്യവും വൈജ്ഞാനികകൃതികളും രാജ്യമെമ്പാടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 15 വർഷങ്ങൾക്ക് മുമ്പാണ് എൻ.സി.പി.യു.എൽ ‘എക്സിബിഷൻ ഓൺ വീൽ’ എന്ന പേരിൽ പുസ്തകവണ്ടി പദ്ധതി ആരംഭിക്കുന്നത്. ഇതിനകം മുഴുവൻ ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സഞ്ചരിച്ച വണ്ടി മൂന്നാം തവണയാണ് മർകസിൽ എത്തുന്നത്. രാജ്യത്തെ ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന മർകസ് കേരളത്തിൽ ഉർദു ഭാഷ സംസാരിക്കുന്നവരുടെ പ്രധാന ഹബ്ബാണ്.
