കോഴിക്കോട്: എസ് വൈ എസ് സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിൽ മർകസ് ക്ഷേമകാര്യ വകുപ്പായ ആർ.സി.എഫ്.ഐ ആലത്തൂർ പുതുക്കോടിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് നാടിന് സമർപ്പിച്ചു. എസ് വൈ എസ് ‘ജലമാണ് ജീവൻ’ സംസ്ഥാനതല ജലസംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ ജനങ്ങൾക്ക് സമര്‍പ്പിച്ചത്.
കുടിവെള്ളക്ഷാമം രൂക്ഷമായ ആലത്തൂർ താലൂക്കിലെ പുതുക്കോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ‘തരിശ്’ പ്രദേശത്ത് ശുദ്ധജല പദ്ധതി ആരംഭിക്കുമെന്ന് എസ് വൈ എസ് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. മർകസ് ക്ഷേമകാര്യ വകുപ്പായ ആർ.സി.എഫ്.ഐ പദ്ധതിയുടെ നിർമാണം ഏറ്റെടുക്കുകയും നാൽപതിലധികം കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം 5 ലക്ഷം രൂപ ചെലവഴിച്ച് കിണറും പമ്പ് സെറ്റും തയ്യാറാക്കുകയും ചെയ്തു.
ഈ വർഷം ഇത് ഒൻപതാമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപിക്കുന്നത്. കൽപറ്റ, ഇരിക്കൂർ, എടവണ്ണപ്പാറ, മേപ്പാടി, കൊടുവള്ളി, പാലക്കാട് തെക്കേപ്പൊറ്റ, കുപ്പാടിത്തറ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിലാണ് നാൽപത് മുതൽ അറുപത് കുടുംബങ്ങൾക്ക് വരെ ഉപയോഗിക്കാനാവുന്ന സാമൂഹ്യ കുടിവെള്ള പദ്ധതികൾ ഈ വർഷം നിർമിച്ചത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റുമായി നൂറിലധികം കിണറുകളും ഈ വർഷം നൽകിയിട്ടുണ്ട്.
പുതുക്കോട് തെക്കേപൊറ്റ ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടന്ന സംഗമത്തിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതി നാടിന് സമർപിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അശ്റഫ് അഹ്സനി ആനക്കര അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി കെ എസ് തങ്ങൾ പ്രാർഥന നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി എം അലി, പുതുക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ രാജേന്ദ്രൻ മാസ്റ്റർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ശൗക്കത്ത് ഹാജി കോങ്ങാട്, സിദ്ദീഖ് ഹാജി തില്ലങ്കാട്, എസ്വൈഎസ് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, എസ് എം എ ജില്ലാ സെക്രട്ടറി അശ്റഫ് മമ്പാട്, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ഇബ്റാഹീം അശ്റഫി എന്നിവര്‍ സംബന്ധിച്ചു. ഹാഫിള് അശറഫ് അലി സഖാഫി സ്വാഗതവും താജുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.