എടത്വ: വിഷാദ രോഗത്തിന് അടിമയായി മുറിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന മല്ലപ്പള്ളി വായ്പൂർ സ്വദേശി കെ.എം. രാജേന്ദ്രൻ തിരികെ ജീവിതത്തിലേക്ക്.
കഴിഞ്ഞ ലോക മാനസിക ആരോഗ്യ ദിനത്തിൽ ആണ് ഏകദേശം എട്ട് വർഷത്തിലധികമായി മാനസികാരോഗ്യ വെല്ലുവിളി നേരിട്ട് മുടിയും താടിയും നഖവും വളർത്തി അവശനിലയിൽ കഴിഞ്ഞിരുന്ന വായ്പൂർ കള്ളിപ്പാറ കെ.എം രാജേന്ദ്രനെ എടത്വ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവല്ല നാക്കട മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രദേശവാസികൾ പലതവണ ആശുപത്രിയിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായിരുന്നു.
രോഗികളും വൃദ്ധരുമായ മാതാപിതാക്കളും യുവാവിൻ്റെ ഒരു മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആറംഗ കുടുംബത്തെ പുലർത്തിയിരുന്നത് യുവാവ് ആയിരുന്നു. യുവാവ് പൂർണ്ണമായും കിടപ്പിലായതോടെ മകളെ പഠിപ്പിക്കുന്നതിന് വേണ്ടി ഭാര്യ അവരുടെ മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നത്.
ഫേസ്ബുക്ക് മുഖേന യുവാവിൻ്റെ ദുരിതാവസ്ഥ അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, കോഓർഡിനേറ്റർമാരായ ബനോജ് മാത്യു, ഹരിപ്രഭാസ് വെളിയം, ജോമോൻ മാത്യു എന്നിവർ യുവാവിൻ്റെ ഭവനം സന്ദർശിച്ച് കുടുംബത്തിന് സഹായം ചെയ്യുകയും അവശനിലയിൽ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ കണ്ട യുവാവിനെ ചികിത്സക്കുവേണ്ടി വീട്ടിൽ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ്, വാർഡ് അംഗം അഞ്ചു സദാനന്ദൻ, നാക്കട മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എ.ജെ. ജോൺ എന്നിവരുമായി ആലോചിച്ച് സേവാഭാരതി സൗജന്യമായി വിട്ടു നകിയ ആംബുലൻസിൽ തിരുവല്ല നാക്കട മിഷൻ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
ഒരു മാസത്തെ ചികിത്സക്കു ശേഷം സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി റെന്നി തേവേരിൽ, കോർഡിനേറ്റർമാരായ ബനോജ് മാത്യു, ഹരിപ്രഭാസ് വെളിയം, ജോമോൻ മാത്യൂ എന്നിവർ ഇന്നലെ ആശുപത്രിയിൽ എത്തുകയും ഡോക്ടർ നല്‍കിയ നിർദ്ദേശപ്രകാരം ചികിത്സക്കു ചെലവായ മുഴുവൻ തുകയും സുമനസ്സുകളുടെ സഹകരണത്തോടെ സൗഹൃദ വേദി ആശുപത്രിയിൽ ഏല്പിക്കുകയും ചെയ്തു.
തുടർന്ന് ഇന്നലെ തിരികെ ഭവനത്തിലെത്തിച്ച രാജേന്ദ്രനെ മാതാപിതാക്കൾ നിറകണ്ണുകളോടെ ആലിംഗനം ചെയ്തപ്പോൾ വികാരഭരിതമായ നിമിഷങ്ങൾക്കാണ് വീട് വേദിയായത്. കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് അംഗം അഞ്ചു സദാനന്ദൻ, പൊതുപ്രവർത്തകൻ ഹരീഷ് വായ്പൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിരവധി പ്രദേശവാസികൾ രാജേന്ദ്രൻ്റെ ഭവനത്തിൽ എത്തിയിരുന്നു.
കരവിരുതുകൊണ്ട് ഒറ്റത്തടിയിൽ നിന്നും ചേർപ്പുകളില്ലാതെ കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും വലിയ 112 അടി നീളത്തിലുള്ള ലോക സമാധാന സന്ദേശ ചങ്ങല നിർമ്മിച്ചതിന് ലിംകാ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടിയ വ്യക്തിയാണ് യുവാവ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ഡർബാർ ഹാളിലും ചങ്ങലയുടെ പ്രദർശനം നടത്തി നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്.