ന്യൂഡൽഹി: 96-ാം ജന്മദിനം ആഘോഷിക്കുന്ന, തലമുതിര്‍ന്ന രാഷ്ട്രീയ നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് (എല്‍ കെ അദ്വാനി) ജന്മദിനാശംസകള്‍ നേരാന്‍ സുരേഷ് ഗോപിയെത്തി.
1980കളിലും 90കളിലും രാഷ്ട്രത്തിന് നിർണായക സംഭാവനകൾ നൽകിയ നേതാക്കളിൽ ഒരാളാണ് അദ്വാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തിന് ദീർഘായുസ്സും നല്ല ആരോഗ്യവും നേര്‍ന്നു. മുൻ പാർലമെന്റ് അംഗവും നടനുമായ സുരേഷ് ഗോപിയും അദ്ദേഹത്തെ നേരിട്ട് കണ്ട് ആശംസകൾ നേര്‍ന്നു.
“അദ്വാനി ജിയെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞാൻ ശിരസ്സ് കൂപ്പി അദ്ദേഹത്തിന്റെ കാലിൽ തൊട്ടുവണങ്ങി. എന്നെ ആകർഷിച്ചത് അവിടെയുണ്ടായിരുന്ന ചിത്രങ്ങളായിരുന്നു. വാജ്‌പേയ് ജിയുടെയും അദ്വാനി ജിയുടെയും ചരിത്രപരമായ ചിത്രങ്ങളായിരുന്നു. വാജ്‌പേയ് ജിയുടെയും അദ്വാനി ജിയുടെയും ചരിത്രപരമായ ചിത്രങ്ങൾ ദർശിച്ചപ്പോൾ എന്നിൽ ഊർജ്ജം പടർന്നു. 80-90 കാലഘട്ടത്തിൽ ഭാരതത്തെ കെട്ടിയുയർത്തിയ മഹത് വ്യക്തികൾ. ഭാരത മഹാഭാരതത്തിലെ ഭീഷ്മാചാര്യർ,” സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.
എൽ കെ അദ്വാനിക്കൊപ്പമുള്ള ചിത്രങ്ങളും സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കൂടാതെ, മകൾ ഭാഗ്യയുടെ വിവാഹത്തിന് ക്ഷണിക്കാൻ കൂടിയാണ് അദ്വാനിയുടെ വസതിയിൽ സുരേഷ് ഗോപി എത്തിയത്. ജനുവരി 17-ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശികളായ മോഹനന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസാണ് വരൻ. ജനുവരി 17ന് ഗുരുവായൂരിൽ വച്ച് ഭാഗ്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ സുരേഷ് ഗോപി നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് ക്ഷണിച്ചിരുന്നു.