ടെൽ അവീവ് : ഹമാസിന്റെ ഘടനാപരമായ ശ്രേണി തകരുകയാണെന്നും സംഘടനയുടെ നേതാക്കൾ ഗ്രൂപ്പിന്റെ താഴേത്തട്ടിൽ നിന്ന് വിച്ഛേദിക്കപ്പെട്ടുവെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹമാസ് നേതാവ് യഹിയ സിൻവാർ മറ്റ് നേതൃത്വങ്ങളിൽ നിന്നും താഴെത്തട്ടിൽ നിന്നും പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഐഡിഎഫ് ഗാസ പിടിച്ചെടുക്കുമെന്നും യഹിയ സിൻവാറിനെ എന്തു വിലകൊടുത്തും ഇല്ലാതാക്കുമെന്നും യോവ് ഗാലന്റ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ഐഡിഎഫ് ആക്രമണത്തിൽ താഴേത്തട്ടിലുള്ള കമാൻഡർമാർ കൊല്ലപ്പെടുമ്പോൾ യഹിയ സിൻവാർ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്നും, ഇസ്രായേൽ സൈന്യത്തിലെ എല്ലാ ഉന്നത സൈനിക കമാൻഡർമാരും ഒളിവിൽ കഴിയുന്ന യഹിയ സിൻവാറിൽ നിന്ന് വ്യത്യസ്തമായി രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിന്റെ രാഷ്ട്രീയ തലവൻ ഇസ്മയിൽ ഹനിയേ കുടുംബത്തോടൊപ്പം താമസിക്കുന്ന ദോഹയിൽ നിന്ന് ഒരു സ്വകാര്യ ജെറ്റിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് മാറുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ഗാസയിലെ ഹനിയയുടെ വീട് ഇസ്രായേല്‍ സൈന്യം തകര്‍ത്തു എന്നും, എന്നാൽ ഹമാസ് നേതാവ് അവിടെ താമസിക്കുന്നുണ്ടായിരുന്നില്ലെന്നും ഐഡിഎഫ് നേരത്തെ അവകാശപ്പെട്ടിരുന്നു.