കോഴിക്കോട്: റിക്കാർഡുകളുടെ അവസാന വാക്കായ ഗിന്നസ് റിക്കാർഡിൽ 37 പേരെ എത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ഗിന്നസ് ജേതാക്കളുടെ സംഘടനയായ ‘ആഗ്രഹി’ ന്റെ സംസ്ഥാന സമ്മേളനത്തിലാണ് ആദരവ് നൽകിയത്. കേണൽ ഡി. നവിൻ ബൻജിത്ത്, മേജർ മധു സേത്ത് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സുനിലിനെ ആദരിച്ചു.
കേരളത്തിൽ നിന്ന് 73 പേർ ഉൾപ്പെടെ ഗിന്നസ് റിക്കാർഡിന്റെ 68 വർഷ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് 500-ൽ താഴെ ആളുകളാണ് ജേതാക്കളായത്. ഇതിൽ 37 മലയാളികളെയും 6 ഇതര സംസ്ഥാനക്കാരെയും ഗിന്നസ് റിക്കോർഡ് നേടുന്നതിന് പങ്കു വഹിച്ച വ്യക്തിയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. 2012ലാണ് സുനിൽ ഗിന്നസ് ജേതാവായത്. 245 രാജ്യങ്ങളിലെ ടെലഫോൺ കാർഡുകളുടെ ശേഖരമായിരുന്നു സുനിലിനെ ഗിന്നസിലെത്തിച്ചത്. ‘ആഗ്രഹി’ന്റെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ ജോസഫിനെ യു.ആർ.എഫ് വേൾഡ് റിക്കോർഡ് ജൂറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അഭിനന്ദിച്ചു.