കുന്നംകുളം: എം എല്‍ എ എ.സി. മൊയ്തീന്റെ വാഹനത്തിന് മുന്നോട്ടു പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം നേതാവിനും കേച്ചേരി സ്വദേശിയായ യുവാവിനും പരിക്കേറ്റു. സിപിഎം നേതാവും കുന്നംകുളം മുന്‍ നഗരസഭാ ചെയര്‍മാനുമായ പി.ജി.ജയപ്രകാശ്, കേച്ചേരി സ്വദേശി ഫിറോസ് മന്‍സലില്‍ മുഹമ്മദ് റയീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുന്നംകുളം നഗരസഭയ്ക്ക് മുന്നിലെ സ്വകാര്യ ക്ലിനിക്കില്‍ അമ്മയ്ക്കൊപ്പം ഡോകുറെ കാണാനെത്തിയ റയീസ് പാര്‍ട്ടി ഓഫീസിന് മുന്നിലുള്ള റോഡില്‍ വാഹനം നിര്‍ത്തി. ഈ സമയം എംഎല്‍എയുടെ വാഹനം പിന്നിലെത്തിയെങ്കിലും, വാഹനം കടന്നുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് എംഎല്‍എ വാഹനത്തില്‍ നിന്നിറങ്ങി യുവാവിനോട് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു.
എം.എല്‍.എ പാര്‍ട്ടി ഓഫീസിലേക്ക് പോയ ഉടനെ പിന്നാലെ എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ റയീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ റയീസിനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസില്‍ പരാതി നല്‍കുമെന്ന് ഇരുവരും അറിയിച്ചു.