കല്പറ്റ: പെരിയയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകല്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളും ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നാണ് ഇവർ ആയുധങ്ങൾ എത്തിച്ചതെന്നാണ് നിഗമനം.
സൈനികരെ ആക്രമിച്ച് പിടിച്ചെടുത്ത ആയുധങ്ങൾ കേരളത്തിലെത്തിയതായി സംശയിക്കുന്നു. പിടിച്ചെടുത്ത നാല് തോക്കുകളിൽ ഒന്ന് എകെ 47 ആണ്.
കർണാടക, തമിഴ്‌നാട് പോലീസ് സംഘങ്ങളും അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്യും. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന മാവോയിസ്റ്റ് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേരളാ പോലീസിന് നൽകിയ കസ്റ്റഡി കാലയളവിൽ ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ പിടിയിലായ ഇരുവരെയും ചോദ്യം ചെയ്യും.
കഴിഞ്ഞ ചൊവ്വാഴ്ച (നവംബര്‍ 7) രാത്രിയാണ് പേരിയയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതേ തുടര്‍ന്ന് രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രദേശത്തുള്ള വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച് മടങ്ങവെ പൊലീസ് വളയുകയായിരുന്നു. കിഴടങ്ങാത്തതിനെ തുടര്‍ന്ന് വെടിവെപ്പുണ്ടായതായാണ് വീട്ടുകാര്‍ പറയുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ ശക്തമായ സുരക്ഷയും തെരച്ചിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.