ഡാളസ്: കേരളത്തിലെ മാർത്തോമാ ദേവാലയങ്ങളില്‍ കപ്യാർ ജോലി ഏറ്റെടുക്കുവാൻ ഇടവക ജങ്ങൾക്കു താല്പര്യക്കുറവ്. എന്തോ ഒരു അപകർഷതാ ബോധം ജനങ്ങൾക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ തൊഴിൽ ചെയ്യുന്നവരെ എന്തുകൊണ്ടോ രണ്ടാം തട്ട് വിഭാഗങ്ങളിലുള്ളവരായി കണക്കാക്കിവരുന്നു. ഇതുമൂലം കപ്യാർ ജോലി ഏറ്റടുക്കുവാൻ ആരും തയ്യാറായി വരുന്നില്ല.
കേരളത്തിൽ ഇതാദ്യമായി മാർത്തോമാ ദേവാലയത്തിൽ കപ്യാരായി ഝാർഖണ്ഡ് സ്വദേശി രംഗപ്രവേശനം ചെയ്തതും ഈ ഒറ്റ കാരണം മൂലമാണ്. പ്രകാശ് കണ്ടുൽനയാണ് കേരളത്തിൽ ഇതാദ്യമായി ഒരു മാർത്തോമാ ദേവാലയത്തിൽ കപ്യാരായി സേവനം അനുഷ്ഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി.
തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ് പോൾസ് മാർത്തോമ പള്ളിയിലാണ് പ്രകാശ് കപ്യാരായി ജോലി ചെയ്യുന്നത്.
ഏറെക്കാലമായി പ്രകാശ് ഇവിടെ സഹായിയായിരുന്നു. ഇപ്പോൾ പ്രകാശാണ് 120ലധികം വർഷം പഴക്കമുള്ള ഇടവക പള്ളിയിലെ പൂർണ സമയ ശുശ്രൂഷകൻ. ഝാർഖണ്ഡിൽ പ്രകാശിന്റെ കുടുംബം വർഷങ്ങളായി ക്രൈസ്തവ മതവിശ്വാസികളാണ്. പ്രകാശിന്റെ താത്പര്യപ്രകാരം ഭാര്യയും മക്കളും മാർത്തോമ സഭാംഗങ്ങളായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ഒഡീഷ സ്വദേശിനിയായ വിനീതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
തന്റെ ഇടവകാംഗങ്ങളിൽ ആർക്കും തന്നെ ഇടവക ശുശ്രൂഷകനാകാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് പ്രകാശിനെ ഈ പദവിയിലേക്ക് നിയമിച്ചതെന്ന് വികാരി എബ്രഹാം ചെറിയാൻ പറഞ്ഞു.
മലയാളം പറയാനോ എഴുതാനോ വായിക്കാനോ കഴിയില്ല എന്നതൊഴിച്ചാൽ നടപ്പിലും പെരുമാറ്റത്തിലും പ്രകാശിൽ കണ്ട വ്യത്യസ്തയാണ് കപ്യാർ സ്ഥാനത്തേക്ക് നിയോഗിച്ചത്. എല്ലാ അർഥത്തിലും ഉത്തമ ക്രൈസ്തവ വിശ്വസിയായിട്ടാണ് പ്രകാശും കുടുംബവും ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.