ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തി അഞ്ചാമത് സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 2 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഗാർലൻഡ് എം.ജി.എം ഓഡിറ്റോറിയത്തിൽ (5130 Locust Grove Rd, Garland, Tx 75043) വെച്ച് നടത്തപ്പെടും.
ബിഷപ് മാർ ജോയ് ആലപ്പാട്ട് (സെന്റ് തോമസ് സീറോ മലബാർ കാതോലിക്ക് ഡയോസിസ് ഓഫ് ചിക്കാഗോ) ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ മെസ്ക്വിറ്റ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 44 വർഷമായി ഡാളസിൽ നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം. ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കൽ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്.
വൈദീകർ ഉൾപ്പടെ 21 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബർ 2 ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഷൈജു സി. ജോയ് (പ്രസിഡന്റ്) വെരി.റവ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ (വൈസ്.പ്രസിഡന്റ് ), ഷാജി എസ്.രാമപുരം (ജനറൽ സെക്രട്ടറി), വിൻസെന്റ് ജോൺകുട്ടി (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), എന്നിവർ അറിയിച്ചു.