മോൺട്രിയലിലെ ഒരു ജൂത സ്‌കൂളിൽ ഞായറാഴ്ച പുലർച്ചെ വെടിവയ്‌പ്പ് ഉണ്ടായതായി പോലീസ്. ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘർഷത്തെച്ചൊല്ലി കനേഡിയൻ നഗരത്തിലെ ജൂത സ്‌കൂളിൽ ഒരാഴ്‌ചയ്‌ക്കിടെ മൂന്നാമത്തെ തവണയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ആർക്കും പരിക്കില്ല. എന്നാൽ, മോൺട്രിയലിലെ യെശിവ ഗെഡോലയുടെ മുൻഭാഗം തകർന്നു. ഞായറാഴ്ച പുലർച്ചെ വെടിയൊച്ച കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. അന്വേഷണത്തില്‍ ബുള്ളറ്റ് തറച്ച പാടുകളും ഷെല്ലുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
മോൺട്രിയലിലെ മറ്റ് രണ്ട് സ്കൂളുകളിലും വ്യാഴാഴ്ച രാവിലെ മുൻവാതിലുകളിൽ ബുള്ളറ്റ് ദ്വാരം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ജൂത സ്കൂളുകളിൽ നടന്ന സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
ബുധനാഴ്ച കോൺകോർഡിയ സർവകലാശാലയിൽ ഇസ്രായേല്‍ അനുകൂലികളും ഗാസ അനുകൂലികളും തമ്മില്‍
അക്രമാസക്തമായ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതായും, ചിലര്‍ക്ക് പരിക്കേറ്റതായും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ക്യൂബെക്കിലെ കൗൺസിൽ ഓഫ് ഹസിഡിക് ജൂതിലെ അംഗമായ മേയർ ഫെയ്ഗ് പറയുന്നത്, നഗരത്തിലെ ജൂതജനതയെ ഭയപ്പെടുത്താനാണ് സ്‌കൂളുകൾക്ക് നേരെ വെടിയുതിർത്തതെന്നാണ്.
ടൊറന്റോയിൽ, യഹൂദർക്കും മുസ്ലീങ്ങൾക്കും എതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ 2022-ലെ മൊത്തം കണക്കിനേക്കാൾ ഇരട്ടിയിലധികം വർധിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു.