കോതമംഗലം: ഫലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളേജിലെ ടെക് ഫെസ്റ്റിനിടെ ഭീകരസംഘടനയായ ഹമാസിനെ വെള്ളപൂശാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. യാതൊരു മുന്നറിയിപ്പുമില്ലാതെ കോളേജിലെ പൊതുപരിപാടിയിൽ ഫലസ്തീൻ പതാക ഉയർത്തി ഹമാസിനെ വെള്ളപൂശാൻ ശ്രമിച്ചുവെന്നണ് ആരോപണം. അമേരിക്കയും ഫ്രാൻസുമടക്കം ചില വെള്ളക്കാരായ രാജ്യങ്ങളെല്ലാം ഫലസ്തീനിലെ നിരപരാധികളെ കൊല്ലുകയാണെന്നായിരുന്നു അവതാരകന്റെ കമന്റ്.
വേദിയിൽ സ്ഥാപിച്ച ഡിജിറ്റൽ സ്ക്രീനില്‍ പലസ്തീൻ പതാക പ്രദർശിപ്പിച്ചതിന് ശേഷമാണ് പലസ്തീൻ ഐക്യദാർഢ്യ പ്രസംഗം നടത്തിയത്. ഫലസ്തീനിയൻ കുട്ടികളെപ്പോലും ഇസ്രയേൽ കൊലപ്പെടുത്തിയെന്ന് അവതാരകൻ ആരോപിച്ചു, എന്നാൽ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല.
“എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, പല ദൃശ്യങ്ങളും കാണുമ്പോൾ എനിക്ക് ഒരു നിർവികാരത അനുഭവപ്പെടുന്നു. ഫലസ്തീനെ സ്വതന്ത്രമാക്കണം. ആ ഒരു കാര്യം മാത്രമേ നമ്മൾ ഓരോരുത്തരും മനസ്സിൽ കാണാവൂ. മാനസികമായും വാചാലമായും ഫലസ്തീൻ നമ്മോടൊപ്പമുണ്ടാകണം,” ഇതായിരുന്നു വേദിയിൽ അവതാരകൻ പറഞ്ഞ വാക്കുകൾ. കോളേജിലെ ടെക് ഫെസ്റ്റ് തക്ഷക് 2023 ന്റെ സമാപന ഘട്ടത്തിലാണ് വിവാദമായ സംഭവം നടന്നത്. ഹമാസ് അനുകൂല രാഷ്ട്രീയ പാർട്ടികളുടെ വെള്ളപൂശലിനെ പോലും നാണം കെടുത്തുന്നതായിരുന്നു പരിപാടി.
സംഭവത്തിൽ മാനേജ്മെന്റിനെതിരെയും ശക്തമായ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും വർഗീയ ധ്രുവീകരണം പോലും സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് മാനേജ്മെന്റ് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഉത്തരവാദികളായ വിദ്യാർത്ഥികൾക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി രംഗത്തെത്തിയിരുന്നു. പ്രോഗ്രാം ചാർട്ടിൽ ഇല്ലാത്ത പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം പരസ്യമായി നടത്തിയതും പലസ്തീൻ അനുകൂല പരിപാടിയാണെങ്കിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിച്ചതെന്തിനാണെന്നും എബിവിപി ചോദിച്ചു. സാങ്കേതിക മുന്നേറ്റത്തിനായി സംഘടിപ്പിച്ച ടെക് ഫെസ്റ്റ് സാംസ്കാരിക ശൂന്യതയിലേക്കാണ് നയിച്ചതെന്ന് എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ് വിജിത്ത് വിനോദ് ചൂണ്ടിക്കാട്ടി.