‘പുലരി’ (ഉഷ നന്ദകുമാരന്‍) തര്‍ജ്ജമ ചെയ്ത ‘അനന്ത വിനായകന്‍ അനശ്വര ഭഗവാന്‍’ എന്ന തെലുഗു പുസ്തകം, വിശാഖപട്ടണം കേരള കലാസമിതിയുടെ കേരളപ്പിറവി ദിനാഘോഷവേദിയില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടു.
ലാനയുടെയും ഫൊക്കാനയുടെയും കവിത, കഥ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷ, 22 വര്‍ഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തി, ജി. രവീന്ദ്രനാഥ് ഈണം പകര്‍ന്ന ചിറ്റൂര്‍ കാവിലമ്മ എന്ന ഭക്തിഗാന സിഡിയ്ക്ക് വരികള്‍ എഴുതി. ‘പടിഞ്ഞാറന്‍ മഴയില്‍ കിളിര്‍ത്ത പൂക്കള്‍’ എന്ന ചെറുകഥാ സമാഹാരം പ്രസീദ്ധീകരിച്ചു.
പ്രൊഫ. ബാല മോഹന്‍ദാസ് (റിട്ട. വൈസ് ചാന്‍സലര്‍, ആചാര്യ നാഗാര്‍ജ്ജുന യൂണിവേഴ്സിറ്റി) തെലുഗു ഭാഷയില്‍ രചിച്ച്, വിനയഭൂഷണ റാവു (റിട്ട. ഇംഗ്ലീഷ് ലെക്ചറര്‍) ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ‘പുലരി’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഗണപതിയുടെ കഥകളിലൂടെ ഭക്തിയും ആചാരമുറകളും പൂജാവിധികളും നേതൃപാടവും സ്വയം ഉന്നമനവും, കൂടാതെ പ്രകൃതി സംരക്ഷണവും പ്രതിപാദിക്കുന്ന ഈ പുസ്തകം, വളരുന്ന തലമുറയെ പ്രചോദനമാക്കാന്‍ ഊന്നല്‍ നല്‍കുന്നുണ്ട്. കലാസമിതി ഒരുക്കിയ ചടങ്ങില്‍ നന്ദിനി മേനോന്‍ (എഡിറ്റര്‍, സഞ്ചാരി) പുസ്തകം പരിചയപ്പെടുത്തി. മുഖ്യാതിഥി വിശാഖപട്ടണം മേയര്‍ ഹരിവെങ്കട കുമാരി, ഇന്ത്യന്‍ നേവിയിലെ റിയര്‍ അഡ്മിറല്‍ ആര്‍ വിജയശേഖറിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ തര്‍ജ്ജമക്കുളള അവാര്‍ഡ് നേടിയ എല്‍ ആര്‍ സ്വാമി, മേയര്‍, അഡ്മിറല്‍ വിജയശേഖര്‍, പ്രൊഫ. ആര്‍ ബാലമോഹന്‍ദാസ് എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.
ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജിലെ അലംനൈ അടക്കം 500 ല്‍ പരം പേര്‍ പങ്കെടുത്ത സദസ്സ് സ്മരണീയമാക്കിയ, സമിതി പ്രസിഡണ്ട് എ ആര്‍ ജി ഉണ്ണിത്താനും ഭാരവാഹികളും അതിഥികള്‍ക്ക് മധുരം നല്‍കി സ്വാഗതം ചെയ്തു. മേയര്‍ ബാലമോഹന്‍ദാസ്, എല്‍ ആര്‍ സ്വാമി, പുലരി എന്നിവരെ പൊന്നാട ചാര്‍ത്തി ആദരിച്ചു, സമിതിയുടെ ഫലകവും സമ്മാനിച്ചു. സമിതി ഭാരവാഹികളെ പുസ്തകത്തിന്‍റെ സ്പോണ്‍സര്‍ കൂടിയായ ഡോ. പ്രദീപ് കുമാര്‍ പൊന്നാടയണിയിച്ചു.
പുലരിയുടെ മറുപടി പ്രസംഗത്തില്‍ അമേരിക്കന്‍ മലയാളി സാഹിത്യലോകം തനിക്കേകിയ പ്രോത്സാഹനത്തിനു പ്രത്യേകം നന്ദിയോടെ അനുസ്മരിച്ചു.