മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പുതുതായി രൂപം കൊണ്ട ഐടി പ്രൊഫഷണൽസ് ഫോറത്തിന്റെ ഏകദിന സമ്മേളനം 2023 നവംബർ 11 ന് പെൻസിൽവേനിയ ഫെയർലെസ് ഹിൽസ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നായി ഏകദേശം എഴുപത് ഐടി പ്രൊഫഷണലുകൾ പങ്കെടുത്തു.
രാവിലെ 9.30 മുതൽ രജിസ്‌ട്രേഷൻ ഡെസ്‌ക് പ്രവർത്തിച്ചുതുടങ്ങി. ഡെലിഗേറ്റുകളെ പരസ്പരം പരിചയപ്പെടാൻ സഹായിക്കുന്ന ഒരു ബിൻഗോ ഗെയിം എന്ന പുതിയ ആശയം ഫലവത്തായി. പ്രഭാത ഭക്ഷണ ശേഷം രാവിലെ പ്രാർത്ഥനയോടെയാണ് സെഷനുകൾ ആരംഭിച്ചത്. ആതിഥേയ പള്ളി വികാരി ഫാ. അബു പീറ്റർ സ്വാഗതം ആശംസിച്ചു. ഭദ്രാസന കൗൺസിൽ അംഗം ഫാ. വിജയ് തോമസ് തന്റെ ആമുഖ പ്രസംഗത്തിൽ ഈ പുതിയ ഫോറത്തിന്റെ ലക്ഷ്യങ്ങളും ആദ്യ സമ്മേളനത്തിന്റെ കാര്യ പരിപാടികളും അവതരിപ്പിച്ചു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട്, കാലക്രമേണ നമ്മൾ എങ്ങനെ മാറിയെന്നും നമുക്ക് ചുറ്റുമുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ നമ്മുടെ സംഘടനകൾ എങ്ങനെ മാറണമെന്നും നിരീക്ഷിച്ചു.
പ്ലീനറി സെഷനിൽ ഐടി മേഖലയിൽ പ്രശസ്തരായ രണ്ടു പേരെ ചേർത്തുള്ള സംവാദത്തിൽ സഭാംഗങ്ങളായ റോൺ ജേക്കബ് (Managing Director, Digital\Cloud Transformations at Ernst & Young), സൈമൺ ഫിലിപ്‌സ് (Global Partner Lead at Amazon Web Services) എന്നിവർ പങ്കെടുത്തു. ഫോറം കോ-കൺവീനർ സുനിൽ മാത്യൂസ് ഈ സംവാദം മോഡറേറ്റ് ചെയ്തു. രണ്ട് അതിഥികളും അവരുടെ വിശ്വാസജീവിതത്തെക്കുറിച്ചും അത് അവരുടെ കരിയറിൽ ഉയരാൻ സഹായിച്ചതെങ്ങനെയെന്നും സ്പർശിച്ചതിനാൽ ഇത് വളരെ ആകർഷകമായ ഒരു സെഷനായി.
ഉച്ചഭക്ഷണത്തിന് ശേഷം ഡെലിഗേറ്റുകൾ മൂന്ന് ബ്രേക്ക്ഔട്ട് സെഷനുകളായി പിരിഞ്ഞു, യുവ ബിരുദധാരികൾക്കായി വർക്ക്/ ലൈഫ് ബാലൻസ്, കരിയർ ഗൈഡൻസും ചർച്ച വിഷയങ്ങളായി. വനിതകൾക്കായുള്ള വർക്ക് / ലൈഫ് ബാലൻസ് സുമം സാമുവൽ, ജോളി ബിനു എന്നിവർ നേതൃത്വം നൽകി. പുരുഷന്മാർക്കായുള്ള സെഷൻ മാത്യു സാമുവൽ നേതൃത്വം നൽകി. ആൻഡ്രൂ തോമസിന്റെ നേതൃത്വത്തിൽ ഐടി തൊഴിൽ സേനയിൽ ചേരുന്നതിനുള്ള അവസരങ്ങളെപ്പറ്റി സെഷൻ നടത്തി. തുടർന്ന് ഭദ്രാസന കൗൺസിൽ അംഗം ഷെയ്ൻ ഉമ്മന്റെ നേതൃത്വത്തിൽ സോഫ്റ്റ് സ്‌കിൽസിന്റെയും ജിബു മാത്യൂസിന്റെ നേതൃത്വത്തിൽ സംരംഭകത്വത്തിന്റെയും ബ്രേക്കൗട്ട് സെഷനുകൾ നടന്നു. എല്ലാ ബ്രേക്കൗട്ട് സെഷനുകളും ആവേശകരമായ ചർച്ചകളാലും പങ്കെടുത്തവരുടെ ഉൾക്കാഴ്ചകളാലും ശ്രദ്ധേയമായിരുന്നു.
നിരവധി ഇടവകകൾ ഉപയോഗിക്കുന്ന “എന്റെ പള്ളി” എന്ന സ്‌മാർട്ട് ഫോൺ ആപ്പിനെപ്പറ്റി അതു രൂപപ്പെടുത്തിയ സുമോദ് എബ്രഹാമിന്റെ അവതരണത്തോടെയാണ് രണ്ടാം പ്ലീനറി സെഷൻ ആരംഭിച്ചത്. പ്രതിനിധികളുടെ ഐടി വൈദഗ്ധ്യം സഭയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ഐടി ഫോറത്തിന്റെ തുടർനടപടികളെക്കുറിച്ചും ചർച്ച ചെയ്തു. പുതിയ വോളണ്ടിയർ കോ-ഓർഡിനേറ്റർമാർ സഹായിക്കാൻ മുന്നോട്ടുവന്നു.
തുടർന്ന് ബിൻഗോ ഗെയിം വിജയിക്ക് സമ്മാനം നൽകി. കോ-കൺവീനർ മാത്യു സാമുവൽ നന്ദി പറഞ്ഞു. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഉമ്മൻ കാപ്പിൽ, ബിജോ തോമസ് എന്നിവരും കോൺഫറൻസിൽ സന്നിഹിതരായിരുന്നു.
ഭദ്രാസനത്തിലെ ഐടി പ്രൊഫഷണലുകളെ ഒരുമിച്ചുകൂട്ടുന്നതിനും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനും നെറ്റ്‌വർക്കിംഗിന്റെയും കൂട്ടായ്മയുടെയും സാധ്യതകൾ ആരായുന്നതിനും ഭദ്രാസനത്തിൽ നിന്നുള്ള നിന്നുള്ള അതുല്യമായ ഒരു സംരംഭമാണിത്. പങ്കെടുത്ത എല്ലാവർക്കും പ്രയോജനം ലഭിച്ചതായി അനുഭവപ്പെട്ടു. ഭാവിയിൽ കൂടുതൽ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള ഒരു മികച്ച തുടക്കമായി ഈ സംരംഭത്തെ കാണുന്നതായി സംഘാടകർ അറിയിച്ചു.