ഇടുക്കി: 85-കാരിയായ വയോധികയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സിപിഐ എം മുഖപത്രമായ ദേശാഭിമാനി പരസ്യമായി മാപ്പു പറഞ്ഞു.
കേരള സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മറിയക്കുട്ടി എന്ന 85-കാരി നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ദേശാഭിമാനി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തെറ്റായ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞ് ഇന്ന് പത്രം പരസ്യമായി മാപ്പ് പറഞ്ഞു. നവംബർ എട്ടിന് ഇടുക്കി ജില്ലയിലെ അടിമാലി ടൗണിൽ പെൻഷൻ പ്രശ്നം ഉന്നയിച്ച് 85 കാരിയായ മറിയക്കുട്ടി പ്രതിഷേധ പ്രകടനം നടത്തിയതാണ് സംഭവത്തിന് തുടക്കമിട്ടത്.
ഏക്കർ കണക്കിന് സ്ഥലവും രണ്ട് വീടും കൈവശം വച്ചിരിക്കുന്നുവെന്നാരോപിച്ച് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കാൻ മറിയക്കുട്ടിക്ക് അർഹതയില്ലെന്ന് നേരത്തെ പത്രം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്, വ്യാജ വാർത്തയുടെ ചുവടു പിടിച്ച് സിപിഐ(എം) പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ മറിയക്കുട്ടിയെ അധിക്ഷേപിക്കുകയും അവരുടെ വീട് ആക്രമിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് മറിയക്കുട്ടി നവംബർ 13ന് തന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. തന്നെക്കുറിച്ച് തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമസഹായം തേടുമെന്നും അവർ അറിയിച്ചു.
അതിനെ തുടർന്ന് ദേശാഭിമാനിയുടെ ഇന്നത്തെ പത്രം (നവംബർ 15, 2023, പേജ് 7) ക്ഷമാപണ കുറിപ്പ് പ്രസിദ്ധീകരിച്ചു.