കാലിഫോര്‍ണിയ: തായ്വാന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉച്ചകോടിയിൽ മുന്നറിയിപ്പ് നൽകിയെങ്കിലും ഉന്നതതല സൈനിക ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തായ്വാന് ആയുധം നൽകുന്നത് നിർത്തി ചൈനയുടെ സമാധാനപരമായ പുനരേകീകരണത്തെ പിന്തുണയ്ക്കണമെന്ന് ഷി
ബൈഡനോട് പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞു. ചൈന പുനരേകീകരണം നടപ്പിലാക്കുമെന്നും അത് ആര്‍ക്കും തടയാനാവില്ലെന്നും ചൈനീസ് നേതാവ് സ്വയം ഭരിക്കുന്ന ദ്വീപിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കവേ പറഞ്ഞു. കൂടാതെ, ബീജിംഗ് ഒരു ദിവസം തായ്വാനെ വീണ്ടും ഏറ്റെടുക്കുമെന്നും പ്രതിജ്ഞയെടുത്തു.
എന്നാൽ, രണ്ട് നേതാക്കളും സമത്വത്തിന്റെയും ഉയർന്ന തലത്തിലുള്ള സൈനിക ആശയ വിനിമയത്തിന്റെയും അടിസ്ഥാനത്തിൽ ചര്‍ച്ചകള്‍ പുനരാരംഭിക്കാൻ ബുധനാഴ്ച സമ്മതിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തെക്കുറിച്ച് സർക്കാർ സംയുക്ത ചർച്ചകൾ നടത്താനും മയക്കുമരുന്ന് വിരുദ്ധ സഹകരണത്തെക്കുറിച്ചുള്ള ഒരു വർക്കിംഗ് ഗ്രൂപ്പും സ്ഥാപിക്കാനും അവർ കാലിഫോർണിയ ഉച്ചകോടിയിൽ സമ്മതിച്ചതായി വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത വർഷം ആദ്യം തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ ഷെഡ്യൂൾ ചെയ്ത പാസഞ്ചർ ഫ്ലൈറ്റുകൾ വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചു.
“അമേരിക്കയെ മറികടക്കാനോ പരാജയപ്പെടുത്താനോ” ചൈന ശ്രമിക്കുകയില്ലെന്ന് ഷി ബൈഡനോട് പറഞ്ഞു. അതോടൊപ്പം, “ചൈനയെ അടിച്ചമർത്താനും നിയന്ത്രിക്കാനും” അമേരിക്ക ശ്രമിക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ചൈന കോളനിവൽക്കരണത്തിന്റെയും കൊള്ളയുടെയും പഴയ പാത പിന്തുടരില്ല, ഒരു രാജ്യം ശക്തമാകുമ്പോൾ ആധിപത്യത്തിന്റെ തെറ്റായ പാത പിന്തുടരുകയുമില്ല,” ഷി പറഞ്ഞു.
തങ്ങളുടെ സ്ഥാപനങ്ങൾക്കെതിരായ ഉപരോധങ്ങളിലും മറ്റ് നടപടികളിലും ബീജിംഗിന് അതൃപ്തിയുണ്ടെന്ന് ഷി മുന്നറിയിപ്പ് നൽകി.
കയറ്റുമതി നിയന്ത്രണം, നിക്ഷേപ പരിശോധന, ഏകപക്ഷീയമായ ഉപരോധം എന്നിവയുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരായ യുഎസ് നടപടികൾ ചൈനയുടെ നിയമാനുസൃത താൽപ്പര്യങ്ങളെ ഗുരുതരമായി മുറിവേൽപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ ശാസ്ത്ര സാങ്കേതികവിദ്യയെ അടിച്ചമർത്തുന്നത് ചൈനയുടെ വികസനത്തെ തടയുകയും ചൈനീസ് ജനതയുടെ വികസനത്തിനുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നു എന്നും ഷി പറഞ്ഞു.