വാന്‍കൂവര്‍: കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ ഖാലിസ്ഥാനികള്‍ വീണ്ടും വളഞ്ഞു. ഖാലിസ്ഥാൻ വിഷയത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും വിഘടനവാദികൾ പിന്മാറുന്ന ലക്ഷണമില്ല.
ബുധനാഴ്ച ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ കാനഡയിലെ വാൻകൂവറിൽ ക്യാമ്പ് നടത്തിയിരുന്നു. അവിടെ താമസിക്കുന്ന ഇന്ത്യൻ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകാനാണ് ഈ ക്യാമ്പ് നടത്തിയത്. ആ സമയത്താണ് ഖാലിസ്ഥാനി അനുകൂല ഘടകങ്ങൾ വേദിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. ഭാവിയിലും ഇത്തരം പ്രകടനങ്ങൾ നടത്തുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് കൊളംബിയയിലെ അബട്ട്‌സ്‌ഫോർഡിൽ സ്ഥിതി ചെയ്യുന്ന ഖൽസ ദിവാൻ സൊസൈറ്റി ഗുരുദ്വാരയിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ ക്യാമ്പ് നടത്തിയത്.
ഖാലിസ്ഥാനി വിഘടനവാദികള്‍ ഗുരുദ്വാരയ്ക്ക് പുറത്ത് തടിച്ചുകൂടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചു. ഇന്ത്യൻ സർക്കാർ ഈ വിഷയം കനേഡിയന്‍ സര്‍ക്കാരിനോട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ നയതന്ത്രജ്ഞർക്ക് പൂർണ സുരക്ഷ നൽകുമെന്നും ഒരു ഖാലിസ്ഥാനി ഘടകത്തെയും അക്രമങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും കാനഡ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന് ശേഷവും ഇത്തരമൊരു സംഭവം നടന്നത് ആശങ്കാജനകമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാനഡയിൽ വെച്ച് ഖാലിസ്ഥാനി ഹർദീപ് സിംഗ് നിജ്ജാർ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നാണ് ഖാലിസ്ഥാനികളുടെ ആരോപണം. ഇന്ത്യൻ ഉദ്യോഗസ്ഥർ എവിടെ പോയാലും ഞങ്ങൾ അവിടെ പ്രതിഷേധിക്കുമെന്ന് സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന മുന്നറിയിപ്പ് നൽകി. ഗുർപത്വന്ത് സിംഗ് പന്നൂന്‍ ആണ് ഈ സംഘടനയുടെ നേതാവ്. ഇയാള്‍ ഇന്ത്യയെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ എയർ ഇന്ത്യ വിമാനങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ സംഘടന കാനഡയിൽ പലയിടത്തും പോസ്റ്ററുകൾ പതിക്കുകയും ക്യാമ്പ് അടച്ചു പൂട്ടാൻ ഇന്ത്യൻ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അടുത്തിടെ ഇവര്‍ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തിയ സിഖ് കുടുംബത്തെയും ആക്രമിച്ചു. ധാരാളം ഇന്ത്യക്കാർ ഇവിടെ താമസിക്കുന്നുണ്ടെന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾക്ക് അവർക്ക് രേഖകൾ ആവശ്യമാണ്. ആ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഞങ്ങൾ കാലാകാലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്ക് പുറത്ത് 20 ഓളം ഖാലിസ്ഥാനികൾ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. രേഖകൾക്കായി ഇവിടെയെത്തിയ ചിലരോടും ഇവർ മോശമായി പെരുമാറി.