തിരുവനന്തപുരം: നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാന്‍ കേരള സർക്കാർ 1.05 കോടിയോളം രൂപ മുടക്കി വാങ്ങിയ ആഡംബര ബസ് കണ്ണൂരിലെത്തി. അത്യാധുനിക സജ്ജീകരണമുള്ള ഈ വാഹനം കേരളത്തിന്റെ വികസന യാത്രയിൽ നിർണായകമായ മുന്നേറ്റം കുറിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ട്രഷറി നിയന്ത്രണം മറികടന്ന് സംസ്ഥാന ധനവകുപ്പാണ് ഫണ്ട് അനുവദിച്ചത്.
കേരളത്തിൽ പിണറായി സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കാനാണ് കേരള സർക്കാരിന്റെ ‘നവകേരളം സദസ്സ്’ ലക്ഷ്യമിടുന്നത്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം.
ഇന്നലെ രാത്രി വൈകിയോടെ ബസ് കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ എത്തിച്ചു. ഈ മാസം 18 ന് ബസ് മഞ്ചേശ്വരത്ത് എത്തിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കണമെന്നാണ് കെഎസ്ആർടിസി അധികൃതർക്ക് ലഭിക്കുന്ന നിർദ്ദേശം.
കർണാടകയിലെ എസ്.എം.കണ്ണപ്പ ഓട്ടമൊബൈൽസാണ് ബസിന്റെ ബോഡി നിർമ്മിച്ചത്. ഭാരത് ബെൻസിന്റേതാണ് ബസിന്റെ ഷാസി. സെപ്തംബറിൽ ബോഡി നിർമ്മാണത്തിനായി ചേസ് കൈമാറി. 43 ലക്ഷം രൂപയാണ് ഷാസിയുടെ വില. 12 മീറ്റർ നീളമുള്ള ബസ് ചേസിൽ 25 സീറ്റാണു കപ്പാസിറ്റി ഒഎഫ് 1624 ആണ് ഷാസി മോഡൽ. ബോഡി നിർമ്മാണത്തിനു ശരാശരി 35 ലക്ഷമാകുമെന്നാണ് വിവരം. ആഡംബര സൗകര്യങ്ങളുള്ള ബസിൽ മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക കാബിൻ ഉണ്ട്.
അടിയന്തര യോഗം ചേരാനും അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യാനുമായി റൌണ്ട് ടേബിൾ മുറിയുണ്ടാകും. മുഖ്യമന്ത്രിക്കും മറ്റ് യാത്രക്കാർക്കും ലഘുഭക്ഷണവും മറ്റും തയാറാക്കാൻ കാപ്പിയും ചായയുമിടാൻ കഴിയുന്ന ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ, പ്രാഥമിക ആവശ്യങ്ങൾക്ക് ശുചിമുറി എന്നിവയാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. ബസിനായി 1.05 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ബസ് വാങ്ങുന്നതിനുള്ള ചെലവ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിൻറെ പേരിലാണ് വകയിരുത്തിയിരിക്കുന്നത്.
സെപ്തംബർ 22 ന് കെ-സ്വിഫ്റ്റിന് വേണ്ടി കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ 1,05,20,000 രൂപ ആവശ്യപ്പെട്ടിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, അനുവദിച്ച തുക ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടാതെ, കെഎസ്ആർടിസി പെൻഷൻകാർക്കും ജീവനക്കാർക്കും പെൻഷനും ശമ്പളവും ലഭിക്കാൻ കാലതാമസം നേരിടുന്നതായി റിപ്പോർട്ടുണ്ട്.
നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടന്ന കേരളീയം 2023 കാലത്ത് അമിത ചെലവ് നടത്തിയതിന് ബിജെപി, യുഡിഎഫ് നേതാക്കളിൽ നിന്ന് സർക്കാർ അടുത്തിടെ കടുത്ത വിമർശനം നേരിട്ടിരുന്നു.
‘നവകേരളം സദസ്സ്’ പരിപാടിയും വിവാദങ്ങൾക്ക് തിരികൊളുത്തി, സർക്കാർ ഫണ്ട് ഉപയോഗിച്ച് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് സിപിഐ എമ്മിന്റെ പിആർ അഭ്യാസമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ഇതിനിടയിൽ, ആലപ്പുഴ ജില്ലയിലെ തകഴിയിൽ കർഷകന്റെ ആത്മഹത്യയെത്തുടർന്ന് സർക്കാരിനെതിരെ വിമർശനം ഉയർന്നു, അമിത ചെലവുകൾ, സാമ്പത്തിക കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ ചൂണ്ടിക്കാട്ടി കർഷകർക്ക് ഫണ്ട് ഇല്ലെന്ന് ആരോപിക്കപ്പെടുന്നു.