കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ജനറൽ ലൈബ്രറി പുറത്തിറക്കിയ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു. ഡിപ്പാർട്ടമെന്റ് ഓഫ് കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറായ ജാബിർ കാപ്പാടിന്റെ കവിതാ സമാഹാരമായ ‘ഇല’ യാണ് പ്രമുഖ എഴുത്തുകാരി ഗിരിജ പാതേക്കരയിൽ നിന്ന് യുവ എഴുത്തുകാരി നന്ദിത ബിജു ഏറ്റുവാങ്ങി പ്രകാശനം ചെയ്തത്. യുവ കവി ജാബിർ കാപ്പാടിന്റെ കവിതകൾ തീക്ഷണമായ ജീവിത പ്രശ്നങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന തികഞ്ഞ സാഹിത്യ രചനകളാണെന്ന് പ്രകാശന ചടങ്ങിൽ ഗിരിജ പാതേക്കര പറഞ്ഞു.
പുസ്തകവായന കേന്ദ്രം എന്നതിലുപരി അറിവുൽപാദന കേന്ദ്രമായി ലൈബ്രറിയെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് മർകസ് ലൈബ്രറിക്ക് കീഴിൽ പുസ്തക പ്രകാശന സംവിധാനം ആരംഭിച്ചത്. ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക് നമ്പറോട് കൂടിയാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കോളേജ് ലൈബ്രറിക്ക് കീഴിൽ പുസ്തകം പ്രസിദ്ധീകരിക്കുക എന്ന അപൂർവ്വ നേട്ടം കൂടിയാണ് ഇതുവഴി മർകസ് കോളേജ് ലൈബ്രറി കരസ്ഥമാക്കിയത്.
പ്രകാശന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ, പ്രൊഫ. ഉമർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പുസ്തകങ്ങൾ കൂടുതൽ പുറത്തിറക്കുമെന്നും അതിനു പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനായ ജ്യോതിഷ് പുസ്തക പരിചയം നടത്തി സംസാരിച്ചു. രചയിതാവ് ജാബിർ കാപ്പാട്, മറുഭാഷണം നടത്തി. മുമ്പും രണ്ട് രചനകൾ പുറത്തിറക്കിയ തൻ്റെ മൂന്നാമത്തെ രചന അദ്ധ്യാപനം ചെയ്യുന്ന കോളേജ് തന്നെ പുറത്തിറക്കിയതിൽ അഭിമാനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി കമ്മിറ്റി ചെയർമാൻ, ഡോ. രാഘവൻ, എഴുത്തുകാരനായ മുഹമ്മദ് അഷ്റഫ് സി പി, എ ഓ, സമീർ സഖാഫി സംബന്ധിച്ചു. ലൈബ്രെറിയൻ കെ എസ് ബിന്ദു സ്വാഗതവും, ലിറ്റററി ക്ലബ് സെക്രട്ടറി ഫാത്തിമ നന്ദിയും പറഞ്ഞു.