ഡാളസ്: ഡോ. ഷിബു തോമസ്, ഡോ. ലെസ്ലി വർഗീസ് എന്നിവർ നയിക്കുന്ന ഫാമിലി സെമിനാർ നവംബർ 24ന് ഡാലസിൽ രാവിലെ 10 മുതൽ നടത്തപ്പെടുന്നു. ഷാരോൺ ഫെലോഷിപ്പ് ചർച്ച് ഡാളസ് ( 940 Barnes Bridge Rd, Mesquite TX 75150) മീറ്റിങ്ങിന് ആതിഥേയത്വം വഹിക്കും. “കണ്ണികൾ തമ്മിൽ ബന്ധിപ്പിക്കുക” എന്ന വിഷയമാണ് ചർച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
കാൽവറി അസംബ്ലി ചർച്ച ഓഫ് ഗോഡ് അറ്റ്ലാന്റായുടെ മുതിർന്ന പാസ്റ്ററാണ് ഡോ. ഷിബു തോമസ്. കൺവെൻഷൻ പ്രാസംഗികൻ, ക്രിസ്തീയ എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ഡോക്ടർ ഷിബു. സെറംപോർ യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവ ശാസ്ത്രപഠനത്തിൽ ബിരുദം നേടിയിട്ടുള്ള പാസ്റ്റർ ഷിബു, പെന്തകോസ്റ്റ് തിയോളജിക്കൽ സെമിനാരി, ഇൻറർനാഷണൽ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ട്രിനിറ്റി തിയോളജിക്കൽ സെമിനാരിയുടെ മാനേജിംഗ് ഡയറക്ടറായും ഡോ.ഷിബു തോമസ് പ്രവർത്തിച്ചുവരുന്നു.
ഡോ. ലെസ്ലി വർഗീസ്, ഡാളസ് അസംബ്ലി ഓഫ് ഗോഡിൻറ്റ പാസ്റ്റർ ആയി പ്രവർത്തിച്ചു വരുന്നു. മാര്യേജ് ആൻഡ് ഫാമിലി കൗൺസിലിംഗ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്ത്യൻ കൗൺസിലർ കൂടിയാണ് ഡോക്ടർ ലെസ്ലി വർഗീസ്.
കുടുംബത്തിനുള്ളിൽ അർത്ഥവത്തായ ചർച്ചകൾ എങ്ങനെ വളർത്തിയെടുക്കാമെന്നും ക്രിസ്തു കേന്ദ്രീകൃതമായ ഒരു കുടുംബത്തെ എങ്ങനെ വാർത്തെടുക്കാം എന്നും പഠിപ്പിക്കുകയാണ് ഈ മീറ്റിംഗ് ഉദ്ദേശമെന്ന് ചുമതലക്കാർ അഭിപ്രായപ്പെട്ടു. റവ. സ്റ്റീഫൻ വർഗീസ് , പാസ്റ്റർ ഫിന്നി വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മീറ്റിങ്ങിന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചുവരുന്ന. പ്രവേശനം സൗജന്യമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഫാമിലി സെമിനാറിനെ കുറിച്ച് കൂടുതലായി അറിയുവാൻ താല്പര്യപ്പെടുന്നവർ പാസ്റ്റർ തോമസ് ജോൺ (214) 500-8566, http://www.sharondallas.org മുഖേന ബന്ധപ്പെടേണ്ടതാണ് എന്ന് ചുമതലക്കാർ അറിയിച്ചു.