ന്യൂഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. നിമിഷ പ്രിയയുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള യെമൻ സുപ്രീം കോടതി വിധി കേന്ദ്ര സർക്കാർ വ്യാഴാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
നവംബര്‍ 16 വ്യാഴാഴ്ച, നിമിഷയുടെ അമ്മ പ്രേമ മേരി ഇരയുടെ കുടുംബവുമായി രക്തപ്പണം (Blood Money) നല്‍കാനുള്ള ചര്‍ച്ചകള്‍ക്കായി യെമൻ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്റെ സഹായം തേടി നൽകിയ ഹർജി കേന്ദ്രത്തിന് അപേക്ഷാ രൂപത്തിൽ സമർപ്പിക്കാൻ നിർദേശിച്ചു. വിഷയത്തിൽ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് ഏഴു ദിവസത്തെ സമയവും അനുവദിച്ചു. നഴ്സിന്റെ അപ്പീൽ യെമൻ കോടതി തള്ളിയ കാര്യം നടപടിക്രമങ്ങൾക്കിടെയാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈമാറാൻ പ്രേമ മേരിയോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. യെമൻ കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്നും ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മകളെ കാണാൻ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ യെമനിലേക്ക് പോകാനാണ് താന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. യെമനിലേക്ക് പോകാൻ സർക്കാർ സഹായം ആവശ്യപ്പെട്ട് പ്രേമ മേരി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.
പാലക്കാട് സ്വദേശിനിയായ 35 കാരിയായ നിമിഷ പ്രിയ, 2017 ജൂലൈയിൽ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. 2018 ൽ യെമനിലെ വിചാരണ കോടതിയാണ് അവർക്ക് വധശിക്ഷ വിധിച്ചത്.
കേസിൽ നിന്ന് നിമിഷയെ മോചിപ്പിക്കാൻ തലാലിന്റെ കുടുംബം രക്തപ്പണമായി 70 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്.
അന്തിമ തീരുമാനം യെമൻ പ്രസിഡൻറിന്റേതാണെന്ന് സർക്കാർ വ്യക്തമാക്കി.
നഴ്സിംഗ് ട്രെയിനിംഗ് പ്രോഗ്രാം പൂർത്തിയാക്കിയ ശേഷമാണ് നിമിഷ പ്രിയ യെമനിലെത്തിയത്. ചില സ്വകാര്യ ആശുപത്രികളിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ലാണ് തലാൽ അബ്ദുല്‍ മഹ്ദി എന്ന യെമൻ പൗരന്റെ സഹായം തേടുന്നത്. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ അയാള്‍ സ്വന്തമാക്കി. തന്റെ സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റെന്നും, താൻ ഭാര്യയാണെന്ന് തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും, വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ അന്ന് ആരോപിച്ചിരുന്നു. തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു.
നിമിഷ യെമൻ വിടുന്നത് തടയാൻ മഹ്ദി അവരുടെ പാസ്പോർട്ട് കൈവശപ്പെടുത്തിയിരുന്നു. നിമിഷയുടെ പരാതിയെത്തുടര്‍ന്ന് അയാളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍, ജലിലില്‍ നിന്ന് പുറത്തിറങ്ങിയ മഹ്ദി നിമിഷപ്രിയയെ
ശല്യപ്പെടുത്താന്‍ തുടങ്ങി.
2017ൽ, മഹ്ദിയിൽ നിന്ന് പാസ്പോർട്ട് വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ, നിമിഷ പ്രിയ അയാൾക്ക് മയക്കമരുന്ന് കുത്തിവെയ്ക്കുകയായിരുന്നു. മരുന്ന് ഓവര്‍ഡോസ് ആയത് മഹ്ദിയുടെ മരണത്തിന് കാരണവുമായി.
തന്റെ സഹപ്രവർത്തകയും യെമൻ പൗരയുമായ ഹനാനൊപ്പം മഹ്ദിയുടെ മൃതദേഹം വെട്ടിമുറിച്ച് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. ഇത് 2018 ൽ നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കും ഹനാന്റെ ജീവപര്യന്തം തടവിനും കാരണമായി.