വാഷിംഗ്ടൺ: ചൈനയുമായുള്ള പുതിയ ചർച്ചകൾക്കിടയിലും പ്രതിരോധം ശക്തിപ്പെടുത്താനുള്ള ടോക്കിയോയുടെ ശ്രമത്തിന്റെ ഭാഗമായി 400 ടോമാഹോക്ക് മിസൈലുകൾ വാങ്ങാനുള്ള ജപ്പാന്റെ അഭ്യർത്ഥന വെള്ളിയാഴ്ച അമേരിക്ക അംഗീകരിച്ചു.
1,600 കിലോമീറ്റർ (995 മൈൽ) പരിധിയുള്ള രണ്ട് തരം ടോമാഹോക്ക് മിസൈലുകൾ ഉൾപ്പെടുന്ന 2.35 ബില്യൺ ഡോളറിന്റെ വിൽപ്പനയ്ക്കാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംഗീകാരം നല്‍കിയത്. “ഇന്തോ-പസഫിക് മേഖലയിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും ഒരു പ്രധാന സഖ്യകക്ഷിയുടെ സുരക്ഷ മെച്ചപ്പെടുത്തുക” എന്ന ലക്ഷ്യത്തോടെയാണ് വിൽപ്പനയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
“വർദ്ധിച്ചുവരുന്ന ഭീഷണികളെ നിർവീര്യമാക്കാൻ കഴിയുന്ന സുപ്രധാനമായ സ്റ്റാൻഡ്‌ഓഫ് റേഞ്ചുള്ള ഒരു ദീർഘദൂര, പരമ്പരാഗത ഉപരിതല-ഉപരിതല മിസൈൽ നൽകിക്കൊണ്ട് നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ജപ്പാന്റെ കഴിവ് ഈ കരാര്‍ മെച്ചപ്പെടുത്തും,” പ്രസ്താവനയിൽ പറഞ്ഞു.
തന്റെ സർക്കാർ ഒരു പ്രധാന പ്രതിരോധ മുന്നേറ്റത്തിന്റെ ഭാഗമായി 400 ടോമാഹോക്ക് മിസൈലുകൾ തേടുന്നതായി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ ഫെബ്രുവരിയിൽ പാർലമെന്ററി കമ്മിറ്റിയെ അറിയിച്ചിരുന്നു. ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക സ്വാധീനം, തായ്‌വാന് ചുറ്റുമുള്ള അഭ്യാസങ്ങൾ, ആണവായുധങ്ങളുള്ള ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ എന്നിവ ജപ്പാനെ ആശങ്കപ്പെടുത്തുന്നുണ്ട്.
സംഘർഷം ലഘൂകരിക്കാൻ ചൈനയുമായി ചർച്ച നടക്കുമ്പോഴും മിസൈൽ ഇടപാട് തുടരുകയാണ്. സാൻഫ്രാൻസിസ്കോയിൽ നടന്ന ഏഷ്യാ-പസഫിക് ഉച്ചകോടിക്കിടെ കിഷിദയുമായും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു.