എടത്വ: ജീവനക്കാരില്ലാതെ താളം തെറ്റിക്കിടക്കുന്ന വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസിൽ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു. ഓവർസിയർ, അസിസ്റ്റൻഡ് എഞ്ചിനിയർ ഉൾപ്പെടെയുള്ള നിലവിലെ ഒഴിവുകളിലെ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കാൻ യോഗം തീരുമാനിച്ചു.വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസ് ശക്തമായ സമരപരിപാടികളെ തുടർന്ന് തിരുവല്ല ഡിവിഷൻ്റെ കീഴിൽ തന്നെ നിലനിർത്തിയ നടപടിയെ യോഗം അഭിനന്ദിച്ചു.
കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സ്ഥിരമായ സംവിധാനങ്ങൾ ഒരുക്കി ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. എടത്വ ടൗണിൽ കാത്തിരിപ്പ് കേന്ദ്രം ഒഴിവാക്കി അമ്പലപ്പുഴ- തിരുവല്ല റോഡ് നിർമ്മിച്ചത് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മൂന്നാ ഘട്ടത്തിൽ ഉൾപെടുത്താൻ നിർദ്ദേശം നല്കാമെന്ന് അറിയിച്ചെങ്കിലും ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് ജനപ്രതിനിധികൾ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
എടത്വ വികസന സമിതിയുടെ പൊതു സ്ഥലങ്ങളിലെ സമരപരിപാടികൾക്കായി ലഭിച്ച ‘പോർട്ടബിൾ സൗണ്ട് സിസ്റ്റ’ത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം നിർവഹിച്ചു.