തിരുവനന്തപുരം: ആയുർവേദത്തിന്റേയും വെറ്ററിനറിയുടേയും സംയോജിത ഇടപെടലിലൂടെ കാർഷികമേഖലയ്ക്കും ആരോഗ്യ രംഗത്തിനും ഉത്തേജനമാകുന്നതാണ് ‘എത്‌നോവെറ്റിനറി മെഡിസിൻ’ അഥവാ ‘മൃഗായുർവേദ’ എന്ന വിഷയത്തിൽ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ ഡിസംബർ 4 തിങ്കഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. സെമിനാറിൽ ഇന്ത്യയിൽ തന്നെ വളരെ പ്രഗൽഭരായിട്ടുള്ള 12 പേരാണ് ഈ വിഷയത്തെ കുറിച്ച് പേപ്പറുകൾ അവതരിപ്പിക്കുന്നത്. എത്‌നോവെറ്ററിനറി മെഡിസിനുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ ആഴത്തിലുള്ളതും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ പേപ്പറും തയ്യാറാക്കിയിരിക്കുന്നത്.
മരുന്നിലൂടെയും തീറ്റയിലൂടെയും വളർത്തുമൃഗങ്ങളിലെത്തുന്ന ആന്റിബയോട്ടിക് അവക്ഷിപ്തം പാലും മുട്ടയും മാംസവും വഴി മനുഷ്യരിലേക്കും എത്തുകയും തുടർച്ചയായി ഇവ ഭക്ഷിക്കുന്നവരുടെ കോശങ്ങളിൽ അവക്ഷിപ്തസാന്നിധ്യം വർധിച്ചാണ് ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന അവസ്ഥയിലേക്ക് ശരീരത്തെ നയിക്കുന്നത്. ശരീരത്തിൽ നിന്ന് അണുബാധകൾ ഇല്ലാതാക്കുന്ന ശേഷിയെ കുറയ്ക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ എം ആർ. അതുമാത്രവുമല്ല നിലവിലുള്ള പ്രധാന മരുന്നുകൾ അണുബാധകൾ ഇല്ലാതാക്കുന്നതിന് ഫലപ്രദമല്ലാതാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകാതെ വരുന്നത് രോഗചികിത്സ വിഷമകരമാക്കും. എന്നുമാത്രമല്ല രോഗമുക്തി നേടുന്നതിന് കൂടുതൽ സമയവും പണവും ചെലവാക്കേണ്ടിയും വരും. മാത്രവുമല്ല ശസ്ത്രക്രിയകളും കീമോതെറപ്പിയുമൊക്കെ അസാധ്യമാക്കും. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക മാത്രമാണ് നിലവിൽ ഇതിനു ഒരു പരിഹാരം എന്നു പറയുന്നത്. വിശേഷിച്ച്, ഭക്ഷണത്തിലൂടെ തുടർച്ചയായി ഇവ ശരീരത്തിലെത്തുന്ന അവസ്ഥ പൂർണമായും ഇല്ലാതാക്കുക തന്നെ വേണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഇന്ത്യയിൽ ആൻറിബയോട്ടിക്കുകളുടെ വാർഷിക ഉപയോഗ നിരക്ക് 6 മുതൽ 7 ശതമാനം വരെയാണ് വർദ്ധിച്ചത്. അതേസമയം 2050 ആകുമ്പോഴേക്കും ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിവർഷം 10 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഈ ഔഷധസസ്യങ്ങൾക്ക് ഉയർന്ന വിലയുള്ള ആൻറിബയോട്ടിക്കുകളെ ഒരു പരിധി വരെ മാറ്റിസ്ഥാപിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിൽ കർഷകരിൽ മാത്രമല്ല നമ്മൾ സാധാരണക്കാരിലും അവബോധം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു എറ്റവും മികച്ച ഒരു അവസരവും വേദിയുമാണ് ‘എത്‌നോവെറ്ററിനറി മെഡിസിൻ’ അഥവാ ‘മൃഗായുർവേദ’ എന്ന വിഷയത്തിൽ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ.