ദോഹ: നാളെയുടെ നക്ഷത്രങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മീഡിയ പെന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, റേഡിയോ മലയാളം 98.6 എഫ്. എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഖത്തര്‍ ഇന്ത്യന്‍ കലോല്സവമായ കലാജ്ഞലി 2023 ഡിസംബര്‍ 19 മുതല്‍ 22 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. കേരളത്തിലെ സ്കൂള്‍ യുവജനോല്‍സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന കലാജ്ഞലിയുടെ മൂന്നാമത് കലാമാമാങ്കമാണ് ഡിസംബറില്‍ നടക്കുക.
കലാജ്ഞലി 2023 ന്റെ ലോഗോ പ്രകാശനവും വീഡിയോ ലോഞ്ചും കഴിഞ്ഞ ദിവസം എം.ആര്.എ റസ്റ്റോറന്റ് ബാങ്കറ്റ് ഹാളില്‍ നടന്നു. കലാജ്ഞലി 2023 ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രസിഡണ്ട് ഡോ.എം.പി. ഹസന് കുഞ്ഞി, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷമീം ശൈഖ്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കലാജ്ഞലി 2023 ന്റെ ലോഗോ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണികണ്ഠന് നല്കി എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ പ്രകാശനം ചെയ്തു. വീഡിയോ ലോഞ്ച് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാനാണ് നിര്‍വഹിച്ചത്.
ഖത്തറിലെ ഇന്ത്യന്‍ എംബസി അപേക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ അധ്യക്ഷന്മാരെ ഉള്‍പ്പെടുത്തി പാട്രണ്‍ കമ്മറ്റി ഖത്തറിലെ കലാസാംസ്കാരിക മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി ഓര്‍ഗനൈസിംഗ് കമ്മറ്റിയും വിപുലീകരിച്ചതായി ജനറല്‍ കണ്‍വീനര്‍ ബിനു കുമാര്‍ അറിയിച്ചു.