ഇസ്ലാമാബാദ്: രാജ്യത്ത് അനധികൃത വിദേശികൾക്കെതിരായ നടപടിയെ തുടർന്ന് 400,000-ത്തിലധികം അഫ്ഗാനികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായി പാക്കിസ്താന്‍ അധികൃതർ തിങ്കളാഴ്ച അറിയിച്ചു.
ഭൂരിഭാഗം പേരും ടോർഖാമിന്റെയും സ്പിൻ ബോൾഡാക്കിന്റെയും അതിർത്തി കടന്ന് നാട്ടിലേക്ക് മടങ്ങുന്നതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
മതിയായ രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരും ഒക്ടോബർ 31-നകം രാജ്യം വിടണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യപ്പെടുമെന്നും പാക് അധികാരികൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ചപ്പോൾ ഏകദേശം 1.7 ദശലക്ഷം അഫ്ഗാനികൾ പാക്കിസ്താനിൽ താമസിച്ചിരുന്നു.
എന്നാല്‍, അഭയാർത്ഥികളായി രജിസ്റ്റർ ചെയ്ത മറ്റ് 1.4 ദശലക്ഷം അഫ്ഗാനികൾ ആശങ്കപ്പെടേണ്ടതില്ല. കാരണം, ശരിയായ രേഖകളില്ലാത്ത ആളുകളെ മാത്രമാണ് അന്വേഷിച്ചതെന്ന് പാക്കിസ്താന്‍ ഉദ്യോഗസ്ഥർ പറഞ്ഞു.
1980-കളിൽ, സോവിയറ്റ് അധിനിവേശകാലത്ത് ദശലക്ഷക്കണക്കിന് അഫ്ഗാനികൾ അയൽരാജ്യമായ പാക്കിസ്താനിലേക്ക് പലായനം ചെയ്തിരുന്നു. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിനുശേഷം ഈ സംഖ്യകൾ കുതിച്ചുയർന്നു.
തെക്കുപടിഞ്ഞാറൻ അതിർത്തി പട്ടണമായ ചമാനിലെ ലക്ഷക്കണക്കിന് താമസക്കാർക്ക് രാജ്യത്തേക്ക് കടക്കാൻ വിസ ആവശ്യമായി വരുന്ന പദ്ധതികളും പാക്കിസ്താന്‍ അവതരിപ്പിച്ചു. അവർക്ക് നേരത്തെ വിസ രഹിത പ്രത്യേക അനുമതിയുണ്ടായിരുന്നു.
തിങ്കളാഴ്ച, നൂറുകണക്കിനാളുകൾ ചമൻ അതിർത്തിയിലേക്കുള്ള ഒരു പ്രധാന റോഡ് ഉപരോധിച്ചു. ചില അഫ്ഗാനികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തി.
ബിസിനസ് ആവശ്യങ്ങൾക്കായി പ്രത്യേക പെർമിറ്റുകൾ ഉപയോഗിക്കുന്നത് തുടരാനും അഫ്ഗാൻ അതിർത്തി നഗരമായ സ്പിൻ ബോൾഡാക്കിൽ താമസിക്കുന്ന ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനും പാക്കിസ്താനോട് ആവശ്യപ്പെട്ട് ചമനിലെ നിവാസികൾ പ്രതിഷേധ പ്രകടനം നടത്തി.
നവംബർ 1 മുതൽ, കുടിയേറ്റക്കാരുടെ രേഖകൾ പരിശോധിക്കാൻ പാക്കിസ്താന്‍ പോലീസ് വീടുവീടാന്തരം കയറിയിറങ്ങി.
നടപടിയില്‍ രാജ്യത്തെ എല്ലാ വിദേശികളും ഉൾപ്പെടുമെന്ന് പാക്കിസ്താന്‍ ഉദ്യോഗസ്ഥർ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ബാധിച്ചവരിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരാണ്.
തണുത്ത കാലാവസ്ഥ ആരംഭിച്ചിട്ടും ഏകദേശം 1.3 ദശലക്ഷം അഫ്ഗാനികൾ പാക്കിസ്താനില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ സംഭവവികാസം. ഇത്തരം പുറത്താക്കലുകൾ അന്താരാഷ്ട്ര, ആഭ്യന്തര മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്ന് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
മടങ്ങിയെത്തുന്നവർക്ക് താമസവും ഭക്ഷണവും നൽകുന്നുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു.