ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ, അൽ-ഷിഫ ആശുപത്രി ഒഴിയാൻ ഇസ്രായേൽ സൈന്യം ഡോക്ടർമാർക്കും രോഗികൾക്കും ഒരു മണിക്കൂർ സമയം നൽകിയെന്ന് ഖത്തര്‍ ആസ്ഥാനമായ മാധ്യമത്തോട് സംസാരിക്കവെ ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. എന്നാൽ, ഈ അവകാശവാദങ്ങൾ ഐഡിഎഫ് തള്ളി.
മറുവശത്ത്, മാസം തികയാതെ 4 നവജാതശിശുക്കൾക്കൊപ്പം 40 ഓളം രോഗികളും ആശുപത്രിയിൽ മരിച്ചു. ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായിരുന്ന എല്ലാ രോഗികളെയും നഷ്ടപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞുവെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ സൗകര്യങ്ങളുടെ അഭാവവും പ്രത്യേകിച്ച് ഇന്ധനവും ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ല.
ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഏതറ്റം വരെയും പോകുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഹമാസിനെ എവിടെ കണ്ടാലും ഞങ്ങൾ അവിടെ ചെന്ന് അത് ഗാസ മുനമ്പിന്റെ തെക്ക് ഭാഗമാണെങ്കിലും ഇല്ലാതാക്കുമെന്ന് ഐ ഡി എഫ് വക്താവ് പറഞ്ഞു. വ്യാഴാഴ്ച ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ നഗരം ഒഴിയാൻ ആളുകളോട് ആവശ്യപ്പെട്ട് സൈന്യം ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.
സിവിലിയന്മാരെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് യുഎൻ മാനുഷിക കാര്യങ്ങളുടെ മേധാവി മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു. “ഞങ്ങളുടെ ആവശ്യം വളരെ ലളിതമാണ്. യുദ്ധം നിർത്തുക, അതുവഴി സാധാരണക്കാർക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയും. ഇത് പറയുന്നത് മാനുഷിക കാരണങ്ങളാൽ മാത്രമാണ്. ഞങ്ങൾ ചന്ദ്രനെയല്ല ആവശ്യപ്പെടുന്നത്. പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ചില അടിസ്ഥാന മാറ്റങ്ങൾ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,” അദ്ദേഹം പറഞ്ഞു.
ഇതിന് മുന്നോടിയായി ഇസ്രായേൽ മന്ത്രിസഭ പ്രതിദിനം 2 ഇന്ധന ടാങ്കറുകൾ ഗാസയിലേക്ക് അയക്കാനുള്ള തീരുമാനമെടുത്തു. ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ ചെയർമാൻ സച്ചി ഹംഗേബി പറഞ്ഞു, “ഇന്ധനവുമായി ബന്ധപ്പെട്ട് അമേരിക്ക ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മുനിസിപ്പൽ ജോലികൾ, വെള്ളം, മലിനജല സംവിധാനങ്ങൾ എന്നിവ പരിപാലിക്കാൻ ഇത് ഉപയോഗിക്കും.”