ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി; കേന്ദ്രമന്ത്രി നിർമല സീതാരാമന് നന്ദി അറിയിച്ചു

ചെന്നൈ: ശ്രീലങ്കൻ ജയിലിൽ നിന്ന് മോചിതരായ 15 മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തി. നവംബർ 18 ന്, മത്സ്യബന്ധനം ആരോപിച്ച് 22 മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ രണ്ട് നാടൻ ബോട്ടുകൾ ശ്രീലങ്കൻ നാവികസേന തടഞ്ഞുവെച്ച് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒരു പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് ഈ മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ചു. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നുള്ള ഈ 22 മത്സ്യത്തൊഴിലാളികൾ വഴി തെറ്റി അന്താരാഷ്‌ട്ര സമുദ്രത്തിലേക്ക് കടന്നവരാണ്.

വിദേശകാര്യ സെക്രട്ടറിയുമായും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസാരിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് മോചനം ലഭിച്ചത്. ചെന്നൈയില്‍ എത്തിയ മത്സ്യത്തൊഴിലാളികളുടെ ഒരു പ്രതിനിധി സംഘം മന്ത്രിക്ക് നന്ദി അറിയിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എല്ലായ്‌പ്പോഴും തമിഴരുടെ താൽപ്പര്യത്തിനാണ് മുൻഗണന നൽകുന്നതെന്ന് മന്ത്രി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഉറപ്പ് നൽകി.

അതേസമയം, ശ്രീലങ്കൻ നാവികസേന തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ആവർത്തിച്ച് അറസ്റ്റ് ചെയ്യുന്ന വിഷയം ഉയർത്തിക്കാട്ടി ഒക്ടോബർ 29 ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.

“ഞങ്ങളുടെ മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായി മത്സ്യബന്ധന പ്രവർത്തനത്തെയാണ് ആശ്രയിക്കുന്നതെന്നും തുടർച്ചയായ ഈ അറസ്റ്റുകൾ മത്സ്യത്തൊഴിലാളി സമൂഹത്തിന് വലിയ ദുരിതവും വേദനയും ഉണ്ടാക്കുന്നുവെന്നും നിങ്ങൾക്കറിയാമായിരിക്കും” എന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചിരുന്നു. ശ്രീലങ്കൻ നാവികസേനയുടെ ഇത്തരം നടപടികൾ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ മനസ്സിൽ സമ്മർദ്ദവും പരിഭ്രാന്തിയും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം എഴുതി.

ഒക്‌ടോബർ മാസത്തിൽ മാത്രം തമിഴ്‌നാട്ടിൽ നിന്ന് 10 മത്സ്യബന്ധന ബോട്ടുകളും 64 മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.

പാക്ക് ഉൾക്കടലിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശം സംരക്ഷിക്കണമെന്ന ആവശ്യവും സ്റ്റാലിൻ ആവർത്തിച്ചു. “നമ്മുടെ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഇന്ത്യാ ഗവൺമെന്റ് കൂടുതൽ ശബ്ദമുയർത്തണമെന്ന് എനിക്ക് തോന്നുന്നു. അവരുടെ സുരക്ഷയ്ക്കായി നമ്മൾ സംസാരിക്കണം” എന്ന് സ്റ്റാലിൻ എഴുതിയ കത്തിൽ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News