ഡാളസ്: ലോകമെമ്പാടുമുള്ള മലങ്കര മാർത്തോമാ സുറിയാനി സഭ നവംബർ 26 ന് “പ്രവാസി ഞായർ” ആയി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട എപ്പിസ്കോപ്പൽ സിനഡ് തീരുമാനപ്രകാരം, അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സർക്കുലർ നമ്പർ 106 മുഖേന എല്ലാ വർഷവും നവംബർ മാസം നാലാം ഞായറാഴ്ച പ്രവാസി ഞായർ ആയി ആചരിക്കുവാൻ തീരുമാനിച്ചതായി സഭ ജനങ്ങളെ അറിയിച്ചു.
“ലോകത്തിൻറെ നാനാഭാഗങ്ങളിൽ കുടിയേറിയ മാർത്തോമാ സഭാ വിശ്വാസികൾ എവിടെയൊക്കെയോ എത്തിയോ അവിടെയൊക്കെ പ്രാർത്ഥനാ യോഗങ്ങളും, കോൺഗ്രിഗേഷനുകളും, ഇടവകകളും രൂപീകരിക്കുന്നതിന് മുന്നോട്ട് ഇറങ്ങി സഭാംഗങ്ങളെ ദൈവീക ബന്ധത്തിലും, സഭ സ്നേഹത്തിലും, കൂട്ടായ്മ ബന്ധത്തിലും, നിലനിർത്തുന്നതിന് നൽകിയ നേതൃത്വം വിലപ്പെട്ടതാണെന്നും, സാംസ്കാരിക വൈവിധ്യങ്ങൾ ഉള്ള സമൂഹത്തിൽ സഭയുടെ തനിമ നിലനിർത്തി,ആരാധനയിൽ സജീവമായി പങ്കെടുക്കുകയും സേവന പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി വരികയും ചെയ്തു വരുന്നു “എന്നുള്ളതും സഭാപിതാവ് എന്ന നിലയിൽ നന്ദിപൂർവം ഓർക്കുന്നു എന്ന് അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു.
പ്രവാസി ഞായർ ആചരിക്കുന്നതിന് ഭാഗമായി നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ ഇടവകകളും നവംബർ 26 ന് പ്രത്യേക പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും കുടിയേറിയ ഒന്നാം തലമുറയുടെ സഭയോടുള്ള സ്നേഹവും, സമർപ്പണവും, ത്യാഗവും ഓർക്കുന്നതും, ദൈവത്തിൻറെ വൻ കൃപകൾക്ക് സ്തുതി സ്തോത്രങ്ങൾ അർപ്പിക്കുന്നതിന്നും പ്രവാസജീവിതം അനുഗ്രഹമാകുനത്തിനും സഭാ ജനങ്ങൾ ഒന്നടങ്കം പ്രാർത്ഥിക്കണമെന്നും ഭദ്രാസന അധിപൻ റൈറ്റ്. റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ അറി യിച്ചു.
പ്രവാസി ഞായർ ആചരണം അർത്ഥവത്തായ രീതിയിൽ നടത്തുന്നതിനും, അതിലൂടെ ദൈവരാജ്യം നിർമ്മിതിയിൽ പങ്കാളികൾ ആകുന്നതിനും, പ്രാർത്ഥനാ പൂർവ്വമായ സഹകരണം ഉണ്ടാകണമെന്നും അഭിവന്ദ്യ മാർ തോമാ മെത്രാപ്പോലീത്ത ഉത്ബോധിപ്പിച്ചു.