കണ്ണൂർ: നവകേരള സദസ് പരിപാടിയുടെ ഭാഗമായി പാനൂരിലെ സ്‌കൂൾ കുട്ടികളെ പൊരിവെയിലത്തു നിര്‍ത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ നിർബന്ധിതരാക്കിയതായി ആരോപണം. ചമ്പാട് എൽപി സ്കൂളിലെ വിദ്യാർഥികളോടാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി മുദ്രാവാക്യം വിളിക്കാൻ സ്കൂള്‍ അധികൃതര്‍ നിർദ്ദേശിച്ചത്.
വിദ്യാര്‍ത്ഥികളുടെ അസ്വസ്ഥതയും ക്ഷീണവും അവഗണിച്ച് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിക്കാൻ വിദ്യാർഥികളോട് നിർദേശിച്ചു എന്നാണ് പരാതി. എന്നാല്‍, കുട്ടികൾ ക്ഷീണിതരായിട്ടും മുദ്രാവാക്യം വിളിക്കുന്നത് തുടരാൻ സംഘാടകർ ആവശ്യപ്പെട്ടു എന്നു പറയുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാർ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി. നവകേരള സദസ് പരിപാടിയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശത്തെ ചുറ്റിപ്പറ്റിയുള്ള മുൻ വിവാദങ്ങളെ തുടർന്നാണ് ഈ സംഭവം. ഓരോ സ്‌കൂളിൽ നിന്നും കുറഞ്ഞത് 200 വിദ്യാർത്ഥികളുടെ പങ്കാളിത്തം നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. നവകേരള സദസിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം.
കടുത്ത വെയിലിൽ സ്‌കൂൾ അസംബ്ലി പോലും നടത്താൻ പാടില്ല എന്ന ചട്ടം നിലനിൽക്കെ ബാലാവകാശ നിയമങ്ങള്‍ കാറ്റിൽ പറത്തി കുട്ടികളെ കടുത്ത വെയിലത്ത് സുരക്ഷിതമല്ലാത്ത റോഡിൽ അപകടകരമായ സാഹചര്യത്തിൽ വിദ്യാര്‍ത്ഥികളെ നിർത്തി മുദ്രാവാക്യം വിളിപ്പിച്ച ഹെഡ്‌മാസ്റ്റർക്കും മറ്റ് സ്‌കൂൾ അധികൃതര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്.
അതിനിടെ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കലാപാഹ്വാനത്തിന് പരാതി നൽകി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനനാണ് സിറ്റി സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസ് നിഷ്ക്രിയരായാല്‍ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട 4 ഡിവൈഎഫ്ഐ പ്രവർത്തകരെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസ് എടുത്തത്. നവകേരള സദസിന്‍റെ കണ്ണൂര്‍ ജില്ലയിലെ അവസാന ദിനത്തിലും പൊലീസ് യൂത്ത് കോൺഗ്രസ് പോര് തുടരുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മട്ടന്നൂരിലും ഇരിട്ടിയിലും 10 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ജില്ലാ വൈസ് പ്രസിഡന്‍റ് ഫർസിൻ മജീദ്, യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ജിതിൻ, കെഎസ്‌യു നേതാവ് ഹരികൃഷ്‌ണൻ എന്നിവരെയാണ് മട്ടന്നൂരിൽ വച്ച് കസ്റ്റഡിയിൽ എടുത്തത്.