കോഴിക്കോട്: നവകേരള സദസിന്റെ പ്രചാരണ ജാഥയിൽ സജീവമായി പങ്കെടുക്കാൻ കോഴിക്കോട് നഗരത്തിലെ സർക്കാർ ജീവനക്കാർക്കു നിർദേശം. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയുള്ള ഘോഷയാത്ര പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം.
നാളെ നടക്കുന്ന ജാഥയിൽ എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സിവിൽ സ്റ്റേഷനിലെ വകുപ്പ് മേധാവികൾക്ക് കത്ത് നൽകി. ഉദ്യോഗസ്ഥര്‍ പ്രചാരണ പരിപാടികളിൽ ഏർപ്പെടുമ്പോഴും സിവിൽ സ്റ്റേഷന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും കത്തിൽ ഊന്നിപ്പറയുന്നുണ്ട്.
നവകേരള സദസിൽ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്താനുള്ള വിവാദ തീരുമാനത്തെ തുടർന്നാണ് ഈ നിർദേശം. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികളെങ്കിലും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ (ഡിഇഒ) നിർദേശിച്ചിരുന്നു. തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാദ്ധ്യാപകരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഡിഇഒയുടെ നിർദേശം. ഔദ്യോഗിക സർക്കുലർ പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇത് ചർച്ചാവിഷയമായി. നവകേരള സദസിന് സ്കൂൾ ബസുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു.