ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കുന്നതിനായി മുസ്‍ലിം സംവരണം 2 ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷൻ സംവിധാനം നിർദ്ദേശിച്ച് കൊണ്ട് സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വഞ്ചനയാണെന്നും ഉത്തരവ് ഉടൻ പിൻവലിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്. ഭിന്നശേഷി സംവരണത്തെ സംവരണത്തിന്റെ മൊത്തം ശതമാനം വർദ്ധിപ്പിച്ചോ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയോ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്.
2019 ൽ സാമൂഹികനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിനു നേരെ വിമർശനം ഉയർന്നപ്പോൾ മുസ്‍ലിം സമുദായത്തിന് യാതൊരുവിധ നഷ്ടവും വരാതെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ ഉറപ്പ് നൽകിയതാണ്. എന്നാൽ നൽകിയ ഉറപ്പിന് വിലകൽപ്പിക്കാതെ മുസ്‍ലിം സമുദായത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ തന്നെയാണ് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ആകെയുള്ള സംവരണ തോത് വർദ്ധിപ്പിച്ച് പ്രശ്നത്തിന് പരഹാരം കാണുന്നതിന് പകരം മുസ്‍ലിം സമുദായത്തിന്റെ ഉദ്യാഗ-അധികാര പങ്കാളിത്തത്തെ ബാധിക്കുന്നത തരത്തിൽ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.