നയാഗ്ര: നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള യുഎസ്-കാനഡ ചെക്ക്പോസ്റ്റിൽ ബുധനാഴ്ച കാര്‍ പൊട്ടിത്തെറിച്ച് രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു. താങ്ക്സ്ഗിവിംഗ് ദിനത്തിന്റെ തലേന്ന് നടന്ന ഈ സംഭവത്തെത്തുടര്‍ന്ന് യു എസ് – കാനഡ ചെക്ക്പോസ്റ്റ് അധികൃതര്‍ അടച്ചു.
ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 400 മൈൽ (640 കിലോമീറ്റർ) വടക്ക് പടിഞ്ഞാറ് കനേഡിയന്‍ ചെക്ക് പോയിന്റിൽ നടന്ന സംഭവം ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ സ്ഥിരീകരിച്ചു. ഇതൊരു “ഭീകര” ആക്രമണത്തിലേക്ക് വിരൽ ചൂണ്ടുന്നില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
“ഇത് തീവ്രവാദ പ്രവർത്തനമാണെന്നതിന് ഇപ്പോൾ തെളിവുകളൊന്നുമില്ല,” ഹോച്ചുൾ ഒരു മാധ്യമ ബ്രീഫിംഗിൽ പറഞ്ഞു.
ഇരകളായ രണ്ട് പേരുടെയും ഐഡന്റിറ്റി ഇതുവരെ പരസ്യമായിട്ടില്ലെങ്കിലും, അവരുടെ വാഹനം പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിൽ നിന്നായിരിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു.
ഒരു കാർ ചെക്ക് പോയിന്റ് ബാരിയറിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അമിത വേഗതയിൽ സഞ്ചരിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ വിവരിച്ചു.
നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള റെയിൻബോ ബ്രിഡ്ജ് ക്രോസിംഗിലാണ് സ്ഫോടനം ഉണ്ടായത്. വാഹനത്തിന്റെ എഞ്ചിൻ ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം കത്തിനശിച്ചതായി ഹോച്ചുൾ പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡനെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ്
വക്താവ് പറഞ്ഞു.
സംഭവം ഗുരുതരമായ സാഹചര്യമാണെന്നും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞു.
അതേസമയം, പ്രസ്തുത വാഹനം അമിത വേഗതയില്‍ ചെക്ക്പോസ്റ്റിലേക്ക് പായുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മണിക്കൂറിൽ 100 മൈലിലധികം വേഗത്തിലായിരുന്നു എന്ന് കാനഡയില്‍ നിന്ന് യു എസിലേക്ക് വരികയായിരുന്ന മറ്റൊരു ദൃക്സാക്ഷി സിബിഎസ് ന്യൂസിനോട് പറഞ്ഞു. കാര്‍ തെന്നി മാറി അതിര്‍ത്തി വേലിയില്‍ തട്ടി വായുവിലേക്ക് ഉയരുന്നതും തീഗോളമായി നിലംപതിക്കുന്നതും കണ്ടു, പ്രദേശമാകെ പുകകൊണ്ട് നിറഞ്ഞതുകൊണ്ട് കൂടുതലൊന്നും കാണാന്‍ കഴിഞ്ഞില്ല എന്നും ദൃക്സാക്ഷി പറഞ്ഞു.
ദശലക്ഷക്കണക്കിന് അമേരിക്കക്കാർ റോഡു വഴിയും വിമാനം വഴിയും താങ്ക്സ് ഗിവിംഗ് ആഘോഷിക്കാനുള്ള യാത്ര നടത്തുന്നതിനിടയിലാണ് ഈ സംഭവം.
റെയിൻബോ ബ്രിഡ്ജ് കാനഡയ്ക്കും യു എസിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ക്രോസിംഗുകളിൽ ഒന്നാണ്. കസ്റ്റംസ് പരിശോധനകള്‍ക്കായി 16 വാഹന പാതകളുണ്ട്. കൂടാതെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അനുസരിച്ച് ഇത് സാധാരണയായി 24 മണിക്കൂറും തുറന്നിരിക്കും.
സംഭവത്തെത്തുടർന്ന് അടുത്തുള്ള മറ്റ് മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും തുറന്നതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു.
യുഎസിന്റെ ഭാഗത്ത്, ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന നയാഗ്ര ഫാൾസ് സ്റ്റേറ്റ് പാർക്ക്, പാർക്ക് സർവീസ് അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.
Footage from CCTV Cameras showing the Explosion of a Car at “Rainbow Bridge” Custom’s Checkpoint in Niagara Falls on the Border between Canada and the United States after the Vehicle can be seen Striking a Curb and going Airborne; the Incident was initially believed to have… pic.twitter.com/OirbU4M8JY
— OSINTdefender (@sentdefender) November 22, 2023