കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമായി പുറമേരി പഞ്ചായത്ത് നിവാസികൾ വീടുകളിലെ വിളക്കുകൾ തെളിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നവകേരള സദസ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മേമുണ്ടയിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് വൈകിട്ട് 6.30ന് വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന നിർദേശം നൽകിയത്.
അതേ സമയം 25ന് കൊയിലാണ്ടിയിൽ നടക്കാനിരിക്കുന്ന നവകേരള സദസിന് മുന്നോടിയായി കൊയിലാണ്ടി മുനിസിപ്പാലിറ്റി പരിധിയിലെ എല്ലാ സ്ഥാപനങ്ങളും ഇന്ന് മുതൽ പരിപാടി വരെ വൈദ്യുത ദീപാലങ്കാരങ്ങൾ കൊണ്ട് പ്രകാശിപ്പിക്കണമെന്ന് കൊയിലാണ്ടി നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി. കൂടാതെ, പ്രോഗ്രാമിനുള്ള തയ്യാറെടുപ്പിനായി സ്ഥാപനങ്ങൾക്ക് അവരുടെ മുൻഭാഗങ്ങളും പരിസരങ്ങളും വൃത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെയും ചെയർപേഴ്സന്റെയും പേരിലാണ് നോട്ടീസ്.
അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശം വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ജീവനക്കാരെ അണിനിരത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വകുപ്പ് മേധാവികൾക്ക് പ്രസിഡന്റ് കത്ത് നൽകി. പ്രസിഡന്റിന്റെ നിർദ്ദേശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന ഈ നടപടിയെ വിമര്‍ശിച്ചു.