തിരുവനന്തപുരം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ ജസ്റ്റിസ് എം. ഫാത്തിമ ബീവി വ്യാഴാഴ്ച കൊല്ലത്ത് അന്തരിച്ചു. 96 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഉച്ചയ്ക്ക് 12.30നായിരുന്നു അന്ത്യം. 1989ലാണ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്.
ഏതെങ്കിലും ഉയർന്ന കോടതി സ്ഥാനത്തേക്ക് നിയമിതയാകുന്ന ആദ്യ മുസ്ലീം വനിത എന്ന ബഹുമതിയും അവര്‍ നേടി. 1927-ൽ പത്തനംതിട്ട ജില്ലയിൽ ജനിച്ച അവർ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലാണ് വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്. കേരള സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിഎസ്സി ബിരുദം നേടിയ അവർ തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമം പഠിച്ചു.
1950-ൽ നിയമബിരുദം നേടുന്ന കേരളത്തിലെ ആദ്യ വനിത എന്ന ബഹുമതിയും അവർ നേടി. 1992-ൽ അവർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചു. പിന്നീട് 1997-ൽ തമിഴ്നാട് ഗവർണറായി നിയമിതയായതോടെ, ഗവർണർ പദവിയിലെത്തുന്ന ആദ്യ മുസ്ലീം വനിതയുമായി. എന്നാൽ 1997-2001 കാലത്ത് അവര്‍ തമിഴ്നാട് ഗവർണറായിരുന്ന കാലത്ത് ചില വിവാദങ്ങളിൽ കുടുങ്ങിയിരുന്നു.