തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ ഡിസംബർ 3 ന് ക്യാൻസർ ചികിത്സാ മേഖലയിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ ന്യൂറോളജിക്കൽ രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും സംബന്ധിച്ചും അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സെമിനാറിൽ നിരവധി ആയുർവേദ, ആധുനിക വിദഗ്ധർ ഉൾപ്പടെയുള്ളവരാണ് പങ്കെടുക്കുന്നതും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതും.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ അപഹരിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള രോഗമാണ് ക്യാൻസർ. അതുകൊണ്ട തന്നെ ആയുർവേദം ഉൾപ്പടെയുള്ള ഇതര ചികിത്സാ സമ്പ്രദായങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ചികിത്സാ പദ്ധതികൾ വികസിത രാജ്യങ്ങളിൽ ഉൾപ്പടെ വളരെ ത്വരിതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇൻ്റഗ്രേറ്റീവ് ഓങ്കോളജി എന്നറിയപ്പെടുന്ന ഈ മേഖലയിൽ നിന്നും അന്താരാഷ്ട്ര പ്രശസ്തരായ ഡോക്ടർമാരും, ഗവേഷകരുമാണ് സെമിനാറിൽ പങ്കെടുക്കാനായി എത്തുന്നത്.
അമേരിക്കയിലെ പ്രശസ്തമായ എം. ഡി. ആൻഡേഴ്സൺ ക്യാൻസർ സെൻ്ററിലെ ഡോ. സന്തോഷി നാരായണൻ, റോസ് വെൽ പാർക്ക് ക്യാൻസർ സെൻ്ററിലെ ഡോ. കാതറിൻ ഗ്ലേസർ, റോക്ക് ഫെല്ലർ ചെയർ, ഇൻ്റഗ്രേടീവ് മെഡിസിൻ ചീഫ് ഡോ. ജൂൺ മാവോ, ടാറ്റ മെമ്മോറിയൽ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ. രാജേന്ദ്ര ബഡ് വേ, ഡോ. വിനീത ദേശ് മുഖ് എന്നിവരും പങ്കെടുക്കും. അർബുദ ചികിത്സയിൽ സംയോജിത ചികിത്സാ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള വലിയൊരു കുതിപ്പ് പൊതുവിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം.
അതുപോലെ ലോകമാസകലം ന്യൂറോളജിക്കൽ രോഗങ്ങൾ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് ഉള്ളത്. പ്രത്യേകിച്ചും കോവിഡ് മഹാമാരിക്ക് ശേഷം. ഈ സാഹര്യത്തിലാണ് ഈ ആഗോള ഭീഷണിയെ നേരിടുന്നതിനായുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ വേദിയൊരുങ്ങുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഡോ. എം. ആർ. വി. നമ്പൂതിരി, ഡോ. ശങ്കരൻ കുട്ടി, ഡോ. മഹാദേവൻ, ഡോ. ശ്രീകാന്ത് ബാബു, ഇറ്റലിയിൽ നിന്നുള്ള ന്യൂറോളജിസ്റ്റ് ഡോ.അൻ്റോണിയോ മോറാൻഡി, ജർമനിയിൽ നിന്നുള്ള ഡോ. സാന്ദ്ര ഷിമാൻസ്കി എന്നിവർ സെമിനാറിൽ പ്രബന്ധങ്ങൾ ന്യൂറോളജിയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡിസംബർ 1 മുതൽ 5 വരെയാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ നടക്കുന്നത്.