തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ച് കേരള സർക്കാരിന്റെ സാമ്പത്തിക ക്രമക്കേടിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
കേരള സർക്കാർ കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച ഫണ്ട് വകമാറ്റി ചില പ്രത്യേക സ്ഥാപനങ്ങൾക്ക് അനുകൂലമായി അവരുടെ ഇഷ്ടാനുസരണം ചെലവഴിക്കുകയാണെന്ന് മന്ത്രി നിർമല സീതാരാമൻ എടുത്തു പറഞ്ഞു.
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന തെറ്റായ അവകാശവാദങ്ങളാണ് കേരള സർക്കാർ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കരാണ്. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിലേക്ക് അയക്കണമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. ധനകാര്യ കമ്മീഷൻ നിർദ്ദേശം പാലിച്ചവർക്ക് കൃത്യമായി ഗ്രാന്റ് നൽകിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നിട്ടുണ്ടെങ്കിൽ അത് നിർദ്ദേശം പാലിക്കാഞ്ഞിട്ടാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും അവര്‍ പറഞ്ഞു.
കേന്ദ്ര കൈമാറ്റങ്ങളെക്കുറിച്ചുള്ള കണക്കുകൾ അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമൻ, കേരളത്തിലേക്കുള്ള ഫണ്ട് കൈമാറ്റത്തിന് അർഹമായ എല്ലാ സന്ദർഭങ്ങളും കേന്ദ്രം പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതിനാലാണ് ഫണ്ട് തടഞ്ഞുവയ്ക്കൽ സംഭവിച്ചതെന്നും ആവശ്യമായ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ കേരള സർക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും അവർ ചൂണ്ടിക്കാട്ടി.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കുള്ള എല്ലാ ഫണ്ടും കഴിഞ്ഞ മാസമാണ് കേരളത്തിലേക്ക് മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, രണ്ടാം ഗഡുവിനായി സംസ്ഥാനം അപേക്ഷിച്ചിട്ടില്ല. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് കേരളത്തിന് അക്കൗണ്ടന്റ് ജനറൽ (എജി) വഴി കൃത്യമായ റിപ്പോർട്ടുകൾ നൽകേണ്ടതുണ്ടെന്ന് ജിഎസ്ടി നഷ്ടപരിഹാരത്തെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു.
വിധവ- വാർദ്ധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദൃശ്യ മാധ്യമങ്ങളെല്ലാം ക്യാമറകൾ ഓൺ ചെയ്ത് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന പ്രചാരണത്തിനെതിരെ കണക്കുകൾ നിരത്തിയുള്ള കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം.
കേരള സർക്കാരിന്റെ അശ്രദ്ധയും അമിതാധികാരവും സ്വജനപക്ഷപാതവും കെ ജി പ്രസാദ് ഉൾപ്പെടെ നിരവധി കർഷകരെ ബാധിച്ചതും അദ്ദേഹത്തെ കടക്കെണിയിലേക്ക് നയിച്ചതും അവർ എടുത്തുകാട്ടി.
നെല്ല് സംഭരണത്തിൽ കേരള സർക്കാരിന്റെ താൽപര്യമില്ലായ്മ, റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ, കർഷകർക്കുള്ള പണം വൈകിപ്പിക്കൽ എന്നിവയിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.