കുസാറ്റിലെ അത്യാഹിതം: മൂന്നു വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കാമ്പസിലേക്ക് കൊണ്ടുവന്നു; നാളെ സര്‍‌വ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ മൂന്നു വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കാമ്പസിലേക്ക് കൊണ്ടുവന്നത് കാമ്പസിനെ ദുഃഖത്തിലാഴ്ത്തി. ദുഃഖാചരണമായി സർവകലാശാല നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശിനി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി കാമ്പസില്‍ എത്തിച്ചത്.

ആദരസൂചകമായി കുസാറ്റ് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം സർവകലാശാലാ കാമ്പസിലേക്ക് കൊണ്ടുവന്നത്. പരേതരായ ആത്മാക്കൾക്ക് അന്തിമോപചാരം അർപ്പിച്ച സഹപാഠികളും അദ്ധ്യാപകരും സുഹൃത്തുക്കളും പങ്കെടുത്ത പൊതു ആദരാഞ്ജലി ചടങ്ങ് സംഘടിപ്പിച്ചു. അതേസമയം, തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 38 പേർ ഇപ്പോൾ ചികിത്സയിലാണ്, രണ്ട് പേരുടെ നില ഗുരുതരമാണ്.

അതുൽ തമ്പിയുടെ സംസ്‌കാരം ഇന്ന് കൂത്താട്ടുകുളത്തും സാറാ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച കോഴിക്കോട് താമരശ്ശേരിയിലും നടക്കും. ഇറ്റലിയിൽ ജോലി ചെയ്യുന്ന ആന്‍ റുഫ്തയുടെ മാതാവ് നാട്ടിലെത്തിയതിനുശേഷം സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ആൽവിന്റെ സംസ്‌കാരം ഞായറാഴ്ച വൈകീട്ട് പാലക്കാട് മുണ്ടൂരിൽ നടക്കും.

 

Print Friendly, PDF & Email

Leave a Comment

More News