പത്തനംതിട്ട : റോബിൻ ബസ് സർവീസിനെ വെല്ലുവിളിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ രണ്ടാമത്തെ ബസ് സർവീസ് ആരംഭിച്ചു. രാത്രി 8.30ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.30ന് കോയമ്പത്തൂരിൽ എത്താവുന്ന രീതിയിലാണ് പുതിയ എയർ കണ്ടീഷൻഡ് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
കോയമ്പത്തൂരിൽ നിന്ന് രാവിലെ 8:30 ന് ആരംഭിക്കുന്ന യാത്ര, വൈകിട്ട് 4:30 ന് പത്തനംതിട്ടയിലെത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
നേരത്തെ ആരംഭിച്ച (പുലർച്ചെ 4.30ന്) സർവീസ് വിജയകരമാണെന്ന് കണ്ടതോടെയാണ് രണ്ടാമത്തെ സര്‍വീസ് ആരംഭിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. നിലവിൽ, പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മൂന്ന് സർവീസുകളുണ്ട്: 4:30 AM (AC ലോ ഫ്ലോർ), 8:00 AM (സൂപ്പർ ഫാസ്റ്റ്), രാത്രി 8:30 (AC ലോ ഫ്ലോർ).
നിയമലംഘനം ആരോപിച്ച് റോബിൻ ബസ് നിർത്തലാക്കിയതിനുള്ള മറുപടിയായാണ് പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് ആരംഭിച്ചത്. റോബിനെ വീണ്ടും റോഡിലിറക്കരുതെന്ന സർക്കാർ നിർദേശമാണ് ഈ പുതിയ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസിയെ പ്രേരിപ്പിച്ചത്.