ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനിടെ കലാപം, നശീകരണം, തീവെപ്പ് തുടങ്ങിയ എല്ലാ കുറ്റങ്ങളിൽനിന്നും പ്രതികളെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ഒമ്പത് പേരെ കോടതി വെറുതെവിട്ടു, സംശയത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് പറഞ്ഞാണ് കോടതി ഇവരെ വെറുതെ വിട്ടത്.
ഫെബ്രുവരി 25 ന് വർഗീയ കലാപത്തിനിടെ ഇവിടെയുള്ള ശിവ് വിഹാറിൽ ഗോഡൗണും ചില വാഹനങ്ങളും കത്തിച്ച കലാപകാരികളില്‍ ഉള്‍പ്പെട്ടവരാണെന്ന് ആരോപിച്ച് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ പ്രതികൾക്കെതിരായ കേസാണ് അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചല പരിഗണിച്ചത്.
രണ്ട് പോലീസ് ഉദ്യോഗസ്ഥർ, ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ), ഒരു ഹെഡ് കോൺസ്റ്റബിൾ (എച്ച്സി) എന്നിവരുടെ സാക്ഷിമൊഴികളെ അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ കേസ് എന്ന് കോടതി പറഞ്ഞു.
സംഭവത്തിനു മുമ്പ് മുതൽ പ്രതികളെ അറിയാമെന്ന എഎസ്ഐയുടെ പരാമര്‍ശം കോടതി നിരീക്ഷിച്ചു. എന്നാൽ, മൂന്ന് പ്രതികളുടെ പേരുകൾ മാത്രമേ തനിക്ക് അറിയൂവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് പറഞ്ഞു.
“ഒരു വസ്തുത മറക്കുന്നത് ഒരു വസ്തുത തെറ്റായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഒരു വസ്തുതയെക്കുറിച്ച് ശരിയായ അറിവില്ലാതെ ഒരാൾക്ക് അത് ഉറപ്പിച്ചു പറയാനും കഴിയില്ല. മറുവശത്ത്, ഒരു വസ്തുതയെക്കുറിച്ച് അറിവുണ്ടായിട്ടും ഒരാൾക്ക് അത് മറക്കാനും, അത്തരമൊരു വസ്തുതയെക്കുറിച്ച് തെറ്റായ വിവരണം നൽകാനും കഴിയും,” കോടതി പറഞ്ഞു.
നിയമവിരുദ്ധമായി ഒത്തുകൂടിയതിന്റെ ഭാഗമായുള്ള ശിക്ഷാ വകുപ്പുകൾ പ്രകാരം ഒമ്പത് പ്രതികള്‍ക്കെതിരെ കുറ്റം ചാര്‍ത്തണമെങ്കില്‍, സംഭവം നടക്കുന്ന സമയം മുഴുവനും ആൾക്കൂട്ടത്തിൽ അവരുടെ തുടർച്ചയായ സാന്നിധ്യം വ്യക്തമായി സ്ഥാപിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ, രാവിലെ മുതൽ രാത്രി നടന്ന സംഭവം വരെ പ്രതികളായ ഒമ്പത് പേരെയും അക്രമി സംഘത്തിന്റെ ഭാഗമായി കണ്ടിരുന്നോയെന്ന് ഹെഡ് കോൺസ്റ്റബിളിന്റെ മൊഴിയിൽ വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
കുറ്റാരോപിതർ ജനക്കൂട്ടത്തിന്റെ ഭാഗമല്ല എന്നതിന്റെ അടിസ്ഥാനത്തിൽ, അവർക്ക് “സംശയത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ട്” എന്ന് കോടതി പറഞ്ഞു. പ്രതികൾക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു.
മുഹമ്മദ് ഷാനവാസ്, മുഹമ്മദ് ഷോയിബ്, ഷാരൂഖ്, റാഷിദ്, ആസാദ്, അഷ്റഫ് അലി, പർവേസ്, മുഹമ്മദ് ഫൈസൽ, റാഷിദ് എന്നിവർക്കെതിരെയാണ് ഗോകൽപുരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.