ഡാളസ്: സെൻറ് പോൾസ് മാർത്തോമാ ചർച്ച് ഡാളസ് ആതിഥേയത്വം വഹിക്കുന്ന കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ( സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഡയോസിസ് ഓഫ് ഷിക്കാഗോ) മുഖ്യ അതിഥി ആയിരിക്കും. നാല്പത്തിഅഞ്ചാമത് സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡാളസ് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് (5130 Locust Grove Rd, Garland , TX) ഡിസംബർ 2ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കും.
ഇരുപത്തി ഒന്ന് ഇടവകകൾ അംഗങ്ങൾ ആയിരിക്കുന്ന ഡാളസ്സിലെ ഏറ്റവും വലിയ ക്രൈസ്തവ സംഘടനയാണ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്. അംഗങ്ങൾ ആയിരിക്കുന്ന ഇടവകയിലെ പട്ടക്കാരും, ഒരേ ഇടവകയിലെയും കൈസ്ഥാന സമിതി അംഗങ്ങളും ആണ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന് നേതൃത്വം നൽകുന്നത്. സംയുക്ത യുവജന സമ്മേളനവും, കൺവെൻഷനുകളും, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും കെ ഇ സി എഫിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കമ്മിറ്റി ചുമതലപ്പെടുത്തുന്ന ഇടവകകൾ ആയിരിക്കും ഓരോ വർഷവും കെ ഇ സി എഫിന്റെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്.
2023ഇൽ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക ആയിരുന്നു സംയുക്ത കൺവെൻഷനുകൾക്കും, യുവജന സമ്മേളനത്തിനും നേതൃത്വം നൽകിയത്. സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ഷൈജു സി ജോയ് അധ്യക്ഷത വഹിക്കുന്ന കമ്മിറ്റി പ്രവർത്തികുന്നു . ഇടവകയുടെ വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്ത്, സെക്രട്ടറി ഡോ. തോമസ് മാത്യു , ട്രസ്റ്റീസ് വിൻസൻറ് ജോണിക്കുട്ടി, എബ്രഹാം കോശി, ആത്മായർ ഫിൽ മാത്യു, ജോതം ബി സൈമൺ, പ്രോഗ്രാം കോഡിനേറ്റർ എഡിസൺ കെ ജോൺ എന്നിവരും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ആഘോഷങ്ങളുടെ തൽസമയ പ്രക്ഷേപണം www.Keral.tv, www.kecfdallas.org, Face book KECFDallas, എന്നീ ഓൺലൈൻ മാധ്യമങ്ങളിലൂടെ ലഭ്യമാണെന്ന് ചുമതലക്കാർ അറിയിച്ചു. ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം റവ. ഷൈജു സി ജോയ് അഭ്യർത്ഥിച്ചു.