കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ (90) വ്യാഴാഴ്ച രാത്രി അന്തരിച്ചു. കുറച്ചു നാളായി ഓർമക്കുറവ് മൂലം കഷ്ടപ്പെടുകയായിരുന്നു.
1970-ൽ കൽപ്പറ്റയില്‍ നിന്നാണ് കോൺഗ്രസ് (ആർ) ടിക്കറ്റിൽ കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1982 മുതൽ 1983 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു ജോൺ. അദ്ദേഹത്തിന്റെ ഭരണകാലത്താണ് സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൃഷിഭവനുകൾ സ്ഥാപിച്ചത്. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി.
പിന്നീട് കോൺഗ്രസുമായുള്ള ബന്ധം അദ്ദേഹം വിച്ഛേദിക്കുകയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേരുകയും, ഏതാനും വർഷങ്ങൾ അതിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. 2007-ൽ അനുയായികളോടൊപ്പം അദ്ദേഹം മാതൃ പാർട്ടിയിലേക്ക് മടങ്ങി.
കോട്ടയത്ത് പാലയ്ക്കടുത്ത് കടപ്ലാമറ്റം ജോണിന്റെയും മറിയാമ്മയുടെയും മകനായി 1933 ജൂൺ 11നാണ് ജോൺ ജനിച്ചത്. 1950-കളിലാണ് കോഴിക്കോട് കട്ടിപ്പാറയിലേക്ക് കുടുംബം കുടിയേറിയത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലും അതിന്റെ എക്‌സിക്യൂട്ടീവ് വിംഗിലും അംഗമായി ജോൺ പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയുടെ കർഷക വിഭാഗത്തിന്റെ ഭാഗവും പ്രാദേശിക സഹകരണ ബാങ്കിന്റെ പ്രവർത്തകനുമായിരുന്നു.
കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. രണ്ട് വർഷമായി മറവി രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. കട്ടിപ്പാറയിലെ വീട്ടിലെത്തിക്കുന്ന ഭൗതിക ദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ (വെള്ളിയാഴ്ച) വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചർച്ചിൽ.