പാലക്കാട്: മസ്റ്ററിംഗ് നടത്താത്തതിനാൽ കഴിഞ്ഞ ജൂലൈ മുതല്‍ 5 മാസമായി അട്ടപ്പാടിയിലെ 4000ത്തിലധികം ആദിവാസികൾക്ക് ക്ഷേമ പെൻഷനുകൾ മുടങ്ങിയത് സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതക്കുറവ് മൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ക്ഷേമ പെൻഷന്റെ വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന ആയിരങ്ങൾ ഇതുമൂലം ദുരിതത്തിലാണ്. മസ്റ്ററിംഗ് നടത്തിക്കുന്ന കാര്യം എസ്.ടി ഡിപ്പാർട്ട്മെന്റും പഞ്ചായത്തുകളും ജനപ്രതിനിധികളും ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു. ഡിസംബറിൽ നടക്കുന്ന മസ്റ്ററിംഗില്‍ എല്ലാവരെയും പങ്കെടുപ്പിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 5 മാസമായി ആദിവാസികൾക്ക് മുടങ്ങിയ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിദ്യാർത്ഥികളെ നവകേരള സദസ്സ് വിളബംര ജാഥക്ക് പങ്കെടുപ്പിച്ച നടപടി ജില്ലയിൽ ഉണ്ടായിട്ടുണ്ട്. സ്കൂൾ ബസുകളും വിട്ടു നൽകി. അദ്ധ്യാപകർ നവകേരള സദസ്സിൽ നിർബന്ധപൂർവം പങ്കെടുക്കണമെന്ന നിർദേശവും ജില്ലയിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തിരുത്തിയില്ലെങ്കിൽ പ്രതിഷേധം നേരിടേണ്ടി വരും. ഹൈക്കോടതി വിധിയുടെ ലംഘനം നടത്തിയ ഉത്തരവാദിത്വപ്പെട്ടവർക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അദ്ധ്യക്ഷത വഹിച്ചു.