റാഞ്ചി: കുപ്രസിദ്ധമായ സൂഫിയ പർവീൺ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഭാര്യാഭർത്താക്കന്മാർക്ക് ജാർഖണ്ഡ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും ഈ കേസിൽ ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭൈരവ് സിംഗ് ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.
2021 ജനുവരി 14 ന് സൂഫിയ പർവീൺ വധക്കേസിൽ ബെലാലും ഭാര്യ അഫ്ഷാന ഖാത്തൂണും അറസ്റ്റിലായി. അവിഹിത ബന്ധത്തെ തുടർന്നാണ് സൂഫിയ കൊല്ലപ്പെട്ടത്. സൂഫിയ പർവീന്റെ കൊലപാതകത്തിൽ പങ്കുള്ള ഷെയ്ഖ് ബെലാലിനും അഫ്ഷാന ഖാത്തൂണിനും അഡീഷണൽ ജസ്റ്റിസ് എംകെ വർമയുടെ കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്.
റാഞ്ചിയിൽ ഏറെ ശ്രദ്ധ നേടിയ കേസിൽ 19 സാക്ഷികളുടെ മൊഴികൾ പ്രോസിക്യൂഷൻ ഹാജരാക്കി. കുറ്റക്കാരായ ഭാര്യാഭർത്താക്കന്മാർക്ക് 95,000 രൂപ വീതം കോടതി പിഴ ചുമത്തി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ജനുവരി മൂന്നിനാണ് റാഞ്ചിയിലെ ഒർമഞ്ചിയിൽ നിന്ന് തലയറുത്ത നിലയിൽ സൂഫിയ പർവീന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മന്ദറിലെ ലോയോ ഗ്രാമത്തിലെ താമസക്കാരിയാണ് ഇവർ. റാഞ്ചി സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിന് കോടതി വിധിയോടെ അന്ത്യം കുറിച്ചു.