ഇടുക്കി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് അടുത്തിടെ സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടി (87), അന്നമ്മ (80) എന്നിവർക്ക് പെൻഷന്റെ ആദ്യ ഗഡു വിതരണം നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി നിർവഹിച്ചു.
നവംബർ 17 ന് അടിമാലിക്ക് സമീപം മറിയക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപി അവർക്കും അന്നമ്മയ്ക്കും എംപിയുടെ പെൻഷനിൽ നിന്ന് 1600 രൂപ വീതം വരും മാസങ്ങളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബി.ജെ.പി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.സുരേഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്ത സുരേഷ് ഗോപി, പണം ഈ വയോധികര്‍ക്ക് വിതരണം ചെയ്യാൻ നിർദേശിച്ചു. സുരേഷും മറ്റ് നേതാക്കളും വെള്ളിയാഴ്ച അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിലെത്തി തുക കൈമാറി. വരുംമാസങ്ങളിലും തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് നവംബർ എട്ടിന് അടിമാലി ടൗണിൽ മൺ ചട്ടികള്‍ പിടിച്ച് സമരം നടത്തിയതിന് പിന്നാലെയാണ് രണ്ട് പേരും വാർത്തകളിൽ ഇടം പിടിച്ചത്.
പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) [സിപിഐ(എം)] മുഖപത്രമായ ദേശാഭിമാനിയിൽ മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ട് വീടും ഉണ്ടെന്നും, മകൾ വിദേശത്ത് ജോലി ചെയ്തിരുന്നതായും ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ദിവസങ്ങൾക്കകം ആ വാർത്ത വ്യാജമാണെന്ന് മറിയക്കുട്ടി തെളിയിക്കുകയും തുടർന്ന് മറിയക്കുട്ടിയെക്കുറിച്ച് വ്യാജവാർത്ത
പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി മാപ്പ് പറയുകയും ചെയ്തു.